കോട്ടയം: ഡിങ്കൻ അടക്കമുള്ള കഥാപാത്രങ്ങൾക്ക് രൂപം നൽകിയ കാർട്ടൂണിസ്റ്റിന് വിടനൽകാനൊരുങ്ങി നാട്. ബാലമംഗളം അടക്കമുള്ള കുട്ടികളുടെ പുസ്തകങ്ങളിൽ കഥാപാത്രങ്ങൾക്ക് ആവശ്യമായ ചിത്രങ്ങൾ വരച്ച് നൽകിയിരുന്ന കളക്ടറേറ്റ് വാർഡ് മുട്ടമ്പലം പുതുപ്പറമ്പിൽ പി.ഡി അജികുമാർ(57) രാവിലെ ട്രെയിൻ തട്ടിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സംസ്കാരം ഇന്നു വൈകിട്ട് ഏഴിന് വീട്ടുവളപ്പിൽ നടക്കും. ബാലമംഗളം അടക്കമുള്ള കുട്ടികളുടെ പുസ്തകങ്ങളിൽ ഡിങ്കൻ അടക്കമുള്ള കഥാപാത്രങ്ങൾ വരച്ചിരുന്ന കാർട്ടൂണിസ്റ്റാണ് അജികുമാർ. ബാലമംഗളം, മയിൽപ്പീലി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ലേബർ ഇന്ത്യ സ്ഥാപനങ്ങളിൽ നിന്നാണ് കാർട്ടൂണിസ്റ്റായി വിരമിച്ചത്. തിങ്കളാഴ്ച രാവിലെ മുട്ടമ്പലം റെയിൽവേ ട്രാക്കിനു സമീപം ട്രെയിൻ തട്ടിയ നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന്, ഇതുവഴി കടന്നു പോയ ട്രെയിനിന്റെ ലോക്കോപൈലറ്റാണ് റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വിവരം കോട്ടയം ഈസ്റ്റ് പൊലീസിൽ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്ത് എത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംസ്കാരം പിന്നീട്.