കോട്ടയം: ഇരട്ടപ്പാതയ്ക്കായി സ്ഥലം വിട്ടുകൊടുത്തവർക്ക് റെയിൽവേ ഇനിയും നഷ്ടപരിഹാരം നൽകാത്തതിൽ കടുത്ത പ്രതിഷേധം ഉയരുന്നു.ചിങ്ങവനം മുതല്‍ കോട്ടയം വരെയുള്ള ഇരട്ടപ്പാതയ്ക്കായി സ്ഥലം വിട്ടുനല്‍കിയ നൂറോളം കുടുംബങ്ങള്‍ക്കാണ് ഇരട്ടപ്പാതയുടെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമാകാറായിട്ടും നഷ്ടപരിഹാരം നല്‍കാത്തത്.
നാട്ടകം വില്ലേജ് ഓഫീസിനു കീഴിലുള്ള 85 കുടുംബങ്ങള്‍ തങ്ങള്‍ വിട്ടു നല്കിയ സ്ഥലത്തിനും വീടിനും നഷ്ടപരിഹാരം കുറവാണെന്നു പറഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. റെയില്‍വേ നല്‍കാമെന്നു പറഞ്ഞ നഷ്ടപരിഹാരം കുറവാണെന്നും നിലവിലുള്ള ഭൂമിവിലയനുസരിച്ച് കൂടുതല്‍ തുക നല്‍കണമെന്നുമുള്ള വിധി കഴിഞ്ഞ ഡിസംബറില്‍ കോടതി പുറപ്പെടുവിച്ചിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്ഥലം വിട്ടുനല്‍കിയവര്‍ റെയില്‍വേയെ സമീപിച്ചപ്പോള്‍ ഫണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റെയില്‍വേ പണം നല്കിയാല് ഉടന്‍ പണം നല്‍കുമെന്നാണ് സര്‍ക്കാരും അറിയിച്ചിരിക്കുന്നത്. ഇതിനിടയില്‍ സ്ഥലം ഏറ്റെടുക്കലിനായി തുറന്ന സ്പെഷല്‍ തഹസില്‍ദാറുടെ ഓഫീസ് അടച്ചു പൂട്ടാനും റെയില്‍വേ നീക്കം ആരംഭിച്ചു. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായുള്ള ഓഫീസാണ് റെയില്‍വേ മുന്നറിയിപ്പില്ലാതെ പൂട്ടാനൊരുങ്ങുന്നത്. സ്ഥലം വിട്ടുനല്‍കിയവര്‍ കഴിഞ്ഞദിവസം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയെ സമീപിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു.
എംഎല്‍എ കളക്ടറെയും റെയില്‍വേ ഡിവിഷണല്‍ മാനേജരെയും ബന്ധപ്പെട്ടു. ഉടന്‍ പണം നല്‍കാമെന്നാണ് റെയില്‍വേ അധികൃതരും എംഎല്‍എയോടു പറഞ്ഞത്. എന്നാല്‍ നാളിതുവരെയായിട്ടും പണം നല്‍കുന്നതിനുള്ള യാതൊരു നടപടിയും റെയില്‍വേ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കോടിക്കണക്കിനു രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റെയില്‍വേക്ക് സ്ഥലം ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരത്തുക നല്കാനാവാത്തത് എന്ത് വിരോധാഭാസമാണെന്നും അധികൃതര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും സ്ഥലം ഉടമകള്‍ കുറ്റപ്പെടുത്തി.
നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ പലര്‍ക്കും പുതിയ ഭൂമിയോ വീടോ വാങ്ങാന്‍ സാധിച്ചിട്ടില്ല. ബന്ധുവീട്ടിലും വാടക വീട്ടിലുമാണു പലരുടെയും താമസം.
നഷ്ടപരിഹാര തുക ഉടന്‍ നല്‍കിയില്ലെങ്കില്‍ സ്ഥലം വിട്ടുനല്‍കിയവരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുമെന്ന് സ്ഥലം വിട്ടുനല്‍കിയ പൂവന്തുരുത്ത് സ്വദേശി രാജന് മേട്ടുങ്കല്‍ പറഞ്ഞു.