മുണ്ടക്കയം : പഠനകാലത്ത് നടക്കാതപോയ വിനോദയാത്ര മൂന്ന് പതിറ്റാണ്ടുകള്‍ക്കുശേഷം പഴയ സഹപാഠികള്‍ ചേർന്ന് യാഥാർഥ്യമാക്കി.കൗമാരത്തില്‍ നഷ്ടമായ ആ വിനോദയാത്ര വീണ്ടും സഹപാഠികള്‍ചേർന്ന് സ്കൂള്‍ മുറ്റത്തുനിന്നുതന്നെയാണ് ആരംഭിച്ചത്. കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക്സ് ഹൈസ്കൂളിലെ 1993-ലെ പത്താംക്ലാസ് ബാച്ചിലെ പൂർവവിദ്യാർഥികളാണ് ഈ വേറിട്ട യാത്ര നടത്തിയത്. അന്ന് അധ്യാപകർ ഒഴിവാക്കിയ യാത്ര നടത്താനുള്ള ആഗ്രഹം പഴയകാല സുഹൃത്തുക്കളുടെ കൂട്ടായ്മയായ ‘ഹൃദ്യം 93’-ല്‍ പങ്കുവെച്ചതോടെ എല്ലാവരും പിന്തുണ നല്‍കുകയായിരുന്നു.
സഹപാഠിയായ അഭിലാഷ് വർഗീസിന്റെ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലെ റിസോർട്ടിലേക്കായിരുന്നു യാത്ര. പഞ്ചായത്തംഗങ്ങളും ബിസിനസുകാരും പ്രവാസികളും തുടങ്ങി സർക്കാർ ഉദ്യോഗസ്ഥർവരെ 35-അംഗ പൂർവവിദ്യാർഥി സംഘത്തിലുണ്ടായിരുന്നു. അന്നത്തെ ഫിസിക്സ് അധ്യാപകനായിരുന്ന കെ.ജെ.ചെറിയാൻ ഫ്ളാഗ് ഓഫ് ചെയ്തു. ഇതോടൊപ്പം വിവിധ മത്സരങ്ങളും കളികളും നടത്തി പഴയ കാലത്തെ ഓർമകളും പുതുക്കുന്നതായിരുന്നു യാത്രയെന്ന് പഞ്ചായത്തംഗംകൂടിയ ആന്റണി മാർട്ടിൻ പറഞ്ഞു. മുമ്പി അധ്യാപികയായിരുന്ന ‘ലിസി ടീച്ചറുടെ വീട്ടിലേക്ക്’ എന്നപേരില്‍ ഗുരുനാഥയുടെ വീട്ടിലും ‘ഹൃദ്യം 93’ സംഘം ഒത്തുകൂടിയിരുന്നു. നേതൃത്വം നല്‍കുന്നത് ഷിറാസ് കമാല്‍, ആന്റണി മാർട്ടിൻ, അൻസാർ കൊല്ലംകുന്നേല്‍ എന്നിവരാണ്.