കൊച്ചി:വൈദ്യശാസ്ത്ര രംഗത്തെ പുഴുക്കുത്തായി പലയിടങ്ങളിലും ദന്തൽ മേഖല മാറുന്നു.
നിറഞ്ഞ ഒരു പുഞ്ചിരി ആത്മവിശ്വാസം വർധിപ്പിക്കുമെന്നതിൽ സംശയമില്ല. പക്ഷേ അതിനെ ചൂഷണം ചെയ്ത് സാധാരണക്കാരുടെ ആരോഗ്യമുള്ള പല്ലുകൾ നശിപ്പിച്ച് ചില ദന്ത ഡോക്റ്റർമാർ കോടീശ്വരന്മാരാകുന്ന കാഴ്ചയാണ് ഇന്ന് സമൂഹത്തിൽ. മെഡിക്കൽ നിയമപ്രകാരം ഒരു രോഗിയുടെ ചിത്രങ്ങൾ പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. അത് അറിഞ്ഞുകൊണ്ടുതന്നെ ഇത്തരം പ്രവണത ദുരുപയോഗം ചെയ്യുന്നത് ദന്ത ചികിത്സാരംഗത്തെ സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇത് തുടർന്നാൽ സൗന്ദര്യ ബോധമുള്ള നമ്മുടെ സമൂഹത്തിലെ പുതിയ കുട്ടികൾ ഇതിന് ബലിയാടുകൾ ആവേണ്ടിവരുമെന്നത് തീർച്ച.
ചില ദന്ത ഡോക്റ്റർമാർ രോഗികളെ ബോധ്യപ്പെടുത്താനായി വിദേശത്ത് പഠിച്ചെന്നോ, ഹാർവാർഡ് സർവകലാശാലയിൽ ട്രെയിനിങ് കഴിഞ്ഞെന്നോ, അറിയപ്പെടുന്ന സെലിബ്രിറ്റികളുടെ ഒക്കെ ട്രീറ്റ്മെന്റ് ചെയ്യുന്ന ഡോക്റ്റർ ആണെന്നോ ഒക്കെ അവകാശപ്പെടാറുണ്ട്. കൂടാതെ ഡൽഹി യിലും, മുംബൈയിലും ഇന്ത്യയുടെ പല ഭാഗത്തും ഡോക്റ്റർക്ക് ട്രീറ്റ്മെന്റ് ഉണ്ടെന്നും, വിദേശത്തു ഡോക്റ്റർമാരെ പഠിപ്പിക്കാൻ പോകുന്നുണ്ടെന്നും വരെയാണ് സാമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങളിൽ ഇക്കൂട്ടരുടെ പറച്ചിൽ. ഇതിൽ വീണു പോകുന്നതോ സാധാരണക്കാരായ ജനങ്ങളും. വൈദ്യശാസ്ത്ര മേഖലയിൽ പരസ്യം പാടില്ലാത്ത ഒന്നാണ്. പ്രത്യേകിച്ച് ദന്ത മേഖലയിൽ. എന്നാൽ ദന്ത ഡോക്റ്റർമാരുടെ ഇടയിലുള്ള കിടമത്സരങ്ങൾ കാരണം ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പലവിധത്തിലുള്ള ദന്ത ചികിത്സകളുടെ റീലുകളും ചിത്രങ്ങളും അനുദിനം വർധിച്ചുവരുന്ന കാഴ്ചയാണ് ജനം കാണുന്നത്. വ്ലോഗർമാരുടെ പ്രധാന വരുമാനോപാധിയായി ഈ രംഗം മാറ്റപ്പെട്ടിരിക്കുന്നു. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ഫേസ്ബുക്കിലും ദന്തരോഗികളുടെ നിറഞ്ഞ ചിരിയുമായി ഇവർ വിളയാട്ടം തുടരുകയാണ്. ഇത് മൂലം വിവാഹം പോലും നടക്കാത്ത അവസ്ഥകൾ ഇന്ന് സമൂഹത്തിലുണ്ട്. കഴിഞ്ഞദിവസം ഇൻസ്റ്റാഗ്രാമിൽ വന്ന ഒരു പരസ്യമാണ് ഈ വാർത്തയുടെ ആധാരം. ദന്തനിര തെറ്റിയ ഒരു പെൺകുട്ടിയുടെ മുഖവും പല്ലുകളും കാട്ടിയുള്ള അവരുടെ ചികിത്സാ കാലയളവ് വരച്ചുകാട്ടുന്ന റീലായിരുന്നു അത്. അത് പങ്കുവെച്ചത് ഒരു ദന്തഡോക്റ്ററും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെറുപ്രായത്തിലുള്ളവർക്ക് നിരതെറ്റിയ പല്ലുകൾ ക്രമീകരിക്കുന്നതിന് പണ്ടുമുതൽക്കേയുള്ള ചികിത്സാ സമ്പ്രദായമാണ് ഓർത്തോ ഡാൻ്റിക് ട്രീറ്റ്മെൻ്റ് അഥവാ പല്ലിൽ കമ്പിയിടൽ എന്നത്. ഇതിനായി പല തരത്തിലുള്ള രീതികൾ ഇന്ന് നിലവിലുണ്ട്. എന്നാൽ ഇന്ന് ചില ദന്ത ഡോക്റ്റർമാർ ‘സ്മൈൽ മേക്ക് ഓവർ’ എന്ന വിളിപ്പേരിൽ ഈ നിരതെറ്റിയതും ഉന്തിയതുമായ പല്ലുകൾ അനാവശ്യമായി റൂട്ട്കനാൽ ചെയ്തോ അല്ലാതെയോ മുറിച്ച് ചെറുതാക്കി സെറാമിക് ക്യാപ്കളോ, സെറാമിക് വെനീറോ ചെയ്ത് രൂപ മാറ്റം വരുത്താറുണ്ട്. ഇങ്ങനെ രൂപ മാറ്റം വരുത്തുന്ന പല്ലുകൾക്ക് ലോകത്തിൽ ആർക്കും തന്നെ ഒരു ഗ്യാരൻ്റിയും നൽകാനാവില്ല എന്നതാണ് സത്യം. ഈ കവറുകൾക്ക് അകത്തുള്ള പല്ലുകൾക്ക് മാസങ്ങൾ മാത്രമാകും ചിലപ്പോൾ ആയുസ്സ് ഉണ്ടാവുക. ഒരാൾക്ക് ജന്മം കൊണ്ട് ലഭിക്കുന്ന നല്ല പല്ലുകൾ നശിപ്പിച്ചിട്ടാണ് ഇത്തരം സ്മൈൽ മേക്ക് ഓവർ ചെയ്ത് പൊതുജനത്തിന് ചില ദന്ത ഡോക്റ്റർമാർ താൽക്കാലിക പുഞ്ചിരി നൽകുന്നത് എന്നതാണ് നഗ്നസത്യം.
പരസ്യങ്ങളിലൂടെ ഈ ചതിക്കുഴികളിൽ വീഴുന്ന ഇത്തരം ചികിത്സയ്ക്ക് വിധേയരാകുന്ന ഏറിയ പങ്കും രോഗികൾ തിരിച്ചറിയാത്ത ഒരു കാര്യമുണ്ട്. ഒരു പല്ലിൽ ചെയ്യുന്ന അവസാന ചികിത്സാ മുറയായ റൂട്ട് കനാൽ, അനാവശ്യമായി മുന്തിയതും നിരതെറ്റിയതുമായ പല്ലുകളിൽ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് വഴി ആ പല്ലുകളുടെ ആയുസ് എന്നന്നേക്കുമായി നഷ്ടപ്പെടുത്തുകയാണ് എന്ന വസ്തുത. ആദ്യത്തെ ചിരി പിന്നീട് കരച്ചിലായി മാറുന്ന അവസ്ഥ. ഇതുപോലുള്ള ചികിത്സ ചെയ്ത് കൃത്രിമ പല്ലുകൾ വയ്ക്കുന്നത് മൂലം പിന്നീട് ഈ രോഗികൾ നേരിടേണ്ടിവരുന്ന മാനസിക പ്രശ്നങ്ങൾ വളരെ വലുതാണ്. ഒന്ന് ചിന്തിക്കുക. ഇത്തരം ചികിത്സകൾക്ക് മുതിരുമ്പോൾ ഇത് ചെയ്യുന്ന ഡോക്റ്ററെ കൂടാതെ മറ്റ് ഡോക്റ്റർമാരുടെയും സ്പെഷ്യലിസ്റ്റുകളുടെയും ഉപദേശം തേടിയിട്ട് മാത്രമേ ചികിത്സ തുടങ്ങാവൂ. അഥവാ തുടങ്ങിയാൽ ചികിത്സയുമായി ബന്ധപ്പെട്ട പൂർണമായ രേഖകളും ബില്ലുകളും രോഗി ഉറപ്പായും വാങ്ങിയിരിക്കണം.
ദന്ത ഡോക്ടർമാരുടെ യോഗ്യത ബി.ഡി.എസ് (BDS) അല്ലെങ്കിൽ (MDS) എന്നത് മാത്രമാണ്. അതല്ലാതെ മറ്റ് എന്തെങ്കിലും ഡിഗ്രികൾ ഉള്ളതായി ഡോക്റ്റർ അവകാശപ്പെടുകയോ പേരിനൊപ്പം ചേർത്ത് പരസ്യപ്പെടുത്തുകയോ ചെയ്താൽ ഉറപ്പായും അത് ഡൻ്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ (web siste)
പരാതിയായി അറിയിക്കാവുന്നതാണ്. ഭാവിയുടെ ഒരു നല്ല പുഞ്ചിരിക്കായി ഇത്തരം പരാതികൾ ഉപകരിക്കട്ടെ.