വൈക്കം: സ്കൂൾ വളപ്പിൽ നിന്ന മരം കടപുഴകി റോഡിലേയ്ക്ക് ചാഞ്ഞത് അപകടക്കെണിയാകുന്നു. വൈക്കം- വെച്ചൂർ റോഡിൽ തലയാഴംതോട്ടകം ഗവൺമെൻ്റ് എൽ പി സ്കൂളിനു മുൻവശത്തു നിന്ന മരമാണ് വ്യാഴാഴ്ച പുലർച്ചെ കടപുഴകി റോഡിലേയ്ക്ക് മറിഞ്ഞത്. വൈദ്യുതി കമ്പികളിൽ തട്ടി നിന്ന മരത്തിൻ്റെ ചില്ലകൾ കെ എസ് ഇ ബി അധികൃതർ മുറിച്ചു നീക്കി.
സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മരം മുറിച്ചുനീക്കാൻ നടപടി സ്വീകരിച്ചില്ല. ഭാരവണ്ടികളും ഗ്യാസുമായെത്തുന്ന കണ്ടയ്നറുമൊക്കെ മരത്തിലിടിക്കാതിരിക്കാൻ രാത്രി 9.30 വരെ പ്രദേശവാസികൾ വാഹന യാത്രികർക്ക് മുന്നറിയിപ്പു നൽകാനായി ജാഗ്രത കാട്ടി. ഭാരവണ്ടികൾ വലിയ ശബ്ദത്തോടെ മരത്തിലിടിച്ചാണ് കടന്നുപോകുന്നത് . മരം സ്കൂൾ വളപ്പിലെ വാട്ടർ ടാങ്കിലേയ്ക്ക് ചാഞ്ഞ് അമർന്ന നിലയിലാണ്. മരം ചാഞ്ഞതിനെ തുടർന്ന് വാട്ടർ ടാങ്കിലെ ശുദ്ധജലവും സ്കൂൾ വളപ്പിൽ ഒഴുകിപരക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രി റോഡിലേയ്ക്കു നീണ്ടു നിൽക്കുന്ന മരത്തെക്കുറിച്ചറിയാതെ ഒരേ സമയം രണ്ടു വാഹനങ്ങൾ റോഡിലൂടെ കടന്നുപോയാൽ മരത്തിൽ തട്ടി സ്കൂളിൻ്റെ മതിലും കവാടവുമൊക്കെ തകരാൻ ഇടയാക്കും. മരം തട്ടി ചീന്തി നിൽക്കുന്ന മരച്ചില്ലകൾ കാറ്റിൽ താഴേക്ക് പതിച്ചാൽ ഇരുചക്ര വാഹന യാത്രികർ അപകടപ്പെടാനിടയുണ്ട്. മരം മുറിച്ചു നീക്കി ഗതാഗതം സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.