തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നുള്ള വ്യാപാരികളെ പോലീസ് വേഷത്തിലെത്തി തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട ശേഷം മോചനദ്രവ്യമായി 50 ലക്ഷം രൂപ ആവശ്യപ്പെട്ട സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. സേലം സ്വദേശിയായ സുരേഷ് കുമാറിനെയാണ് പാറശാല പോലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട് കൃഷ്ണഗിരി സ്വദേശികളായ യൂസഫിനെയും ജാഫിറിനെയുമാണ് സംഘം തട്ടിക്കൊണ്ടുപോയത്. പോലീസ് വേഷം ധരിച്ച് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളാണെന്ന് പറഞ്ഞ് ഇരുവരെയും വിലങ്ങ് വച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു. യാത്രയ്ക്കിടെ ക്രൂരമായി മർദിച്ച് 50,000 രൂപയും വിലകൂടിയ വാച്ചും കവർന്നതിന് ശേഷം ഉദിയൻകുളങ്ങരയിലെ വീട്ടിലെത്തിച്ച് 50 ലക്ഷം രൂപ മോചനത്തിനായി ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിൽ നേരത്തെ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉദിയൻകുളങ്ങര കരിക്കിൻവിള സ്വദേശി സാമുവൽ തോമസ്, നെയ്യാറ്റിൻകര മുട്ടയ്ക്കാട് സ്വദേശി ബിനോയ് അഗസ്റ്റിൻ, നെയ്യാറ്റിൻകര സ്വദേശി അഭിറാം, കമുകിൻകോട് ചീനിവിള സ്വദേശി വിഷ്ണു എസ് ഗോപൻ എന്നിവരാണ് അറസ്റ്റിലായത്. ബിനോയ് അഗസ്റ്റിൻ ജിംനേഷ്യത്തിലെ ട്രെയിനറാണ്. അഭിറാം മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമാണ്.
ആകെ എട്ട് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇനി മൂന്നു പേരെ കൂടി പിടികൂടാനുള്ളതിനാൽ അന്വേഷണത്തിന് കേരളത്തിലും തമിഴ്നാട്ടിലുമായി വ്യാപക തിരച്ചിൽ തുടരുകയാണെന്ന് പാറശാല എസ്‌എച്ച്‌ഒ അനിൽ കുമാർ അറിയിച്ചു.