തിരുവല്ല : ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തു നിൽക്കവേ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ചാരി നിന്നു എന്ന് ആരോപിച്ച് ബിഎസ്എൻഎൽ ജീവനക്കാരൻ 2 പ്ലസ് ടു വിദ്യാർത്ഥികളെ കുത്തി പരിക്കേൽപ്പിച്ചു. കുന്നന്താനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ കുന്നന്താനം തെക്കേ ചാലുങ്കൽ വൈശാഖ് കുന്നന്താനം കാലായിൽ വീട്ടിൽ എൽബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ബിഎസ്എൻഎൽ ജീവനക്കാരനായ അഭിലാഷ് ആണ് വിദ്യാർത്ഥികളെ കുത്തി പരിഹരിപ്പിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ കുന്നന്താനം ബിഎസ്എൻഎൽ ഓഫീസിന് സമീപം ആയിരുന്നു സംഭവം. ബസ് കാത്തുനിന്ന് വിദ്യാർഥികൾ റോഡരികിൽ പാർക്ക് ചെയ്തിരുന്ന അഭിലാഷിന്റെ ബൈക്കിൽ ചാരി നിന്നു. ഇതു കണ്ടെത്തിയ അഭിലാഷ് വിദ്യാർഥികളുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ബിഎസ്എൻഎൽ ഓഫീസിൽ പോയി മടങ്ങിയെത്തിയ അഭിലാഷ് കത്തിയെടുത്ത് കുട്ടികളെ ആക്രമിക്കുകയായിരുന്നു. അക്രമണത്തിൽ എൽബിന്റെ നെഞ്ചിനും വൈശാഖിന്റെ വയറിനും കുത്തേറ്റു. ഇരുവരെയും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രതിയായ അഭിലാഷ് ഒളിവിൽ പോയതായി കീഴ്വായ്പൂര് പോലീസ് പറഞ്ഞു.