തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സുഹൃത്തിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസ്; പ്രതിയ്ക്ക ഇരട്ട ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സുഹൃത്തിനെ തട്ടിക്കൊണ്ടു പോയി കൊലപെടുത്തി മൃതദേഹം വീട്ടിൽ ഒളിപ്പിച്ചു വച്ച ശേഷം പുരയിടത്തിൽ കൊണ്ട് തള്ളി തെളിവ് നശിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. നെയ്യാറ്റിൻകര, ചെങ്കൽ, കുഴിച്ചാണി അശ്വതി ഭവനിൽ ജോണി (53)നെയാണ് ഇരട്ട ജീവപര്യന്തം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴ ഒടുക്കുന്നതിനുമായി നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്.

Advertisements

ചെങ്കൽ , തൃക്കണ്ണപുരം, പുല്ലുവിള പുത്തൻ വീട്ടിൽ തോമസ് (43)നെയാണ് കൊലചെയ്യപ്പെട്ടത്. പ്രതി ജോണി കൊലചെയ്യപ്പെട്ട തോമസിനോട് മുൻവിരോധത്തിൽ കഴിഞ്ഞു വന്നിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ജോണി തോമസിന്റെ സഹോദരിയോട് സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചത് തോമസ് പറഞ്ഞു വിലക്കിയിരുന്നു. തുടർന്ന് ഇവർ തമ്മിൽ തള്ളും ഉന്തും പിടിവലിയും, കളിയാക്കലുകളും പതിവായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2021 ജൂൺ 23 ന് രാത്രി ചെങ്കൽ വട്ടവിള ജംഗ്ഷനിൽ ജോജു എന്നയാൾ നടത്തിയിരുന്ന മുത്തൂസ് ഹോട്ടലിനു മുൻവശം വച്ചാണ് കുറ്റകൃത്യത്തിന്റെ തുടക്കം. കാപ്പി കുടിക്കാൻ എത്തിയ തോമസിനെ പിന്തുടർന്ന് എത്തിയ പ്രതി ജോണി തോമസിനെ നാട്ടുകാരുടെ മുന്നിൽ വച്ചു പിടിച്ചു തള്ളുകയും കളിയാക്കുകയും ചെയ്ത ശേഷം അനുനയിപ്പിച്ചും സ്വന്തം വീട്ടിലേക്കു മടങ്ങാൻ ഒരുങ്ങിയ തോമസിനെ പ്രതി ജോണി നിർബന്ധിച്ചു കൊണ്ട് അയാളുടെ ബൈക്കിൽ കയറ്റി കുഴിച്ചാണിയിലെ പ്രതി താമസിക്കുന്ന അശ്വതി ഭവൻ വീട്ടിന്റെ ഹാൾമുറിയിൽ ബലമായി കൊണ്ട് ചെന്ന് രാത്രിയിൽ മർദ്ദിച്ചു അവശനാക്കി. പാറ കഷണം കൊണ്ട് തോമസിന്റെ നെഞ്ചിൽ ഇടിച്ചു എട്ടു വാരിയെല്ലുകൾ പൊട്ടിച്ചും, തല പിടിച്ചു മുറിയിൽ ഉണ്ടായിരുന്ന കട്ടിലിന്റെ കാലിൽ ഇടിച്ചും കൊലപെടുത്തുകയായിരുന്നു.

പ്രതിയുടെ ഭാര്യയും മക്കളും 9 വർഷം മുന്നേ പിണങ്ങി പോയിരുന്നു. അടുത്ത ദിവസമാണ് തോമസിന്റെ മൃതദേഹം വീടിനു പുറത്തു കോമ്പൗണ്ട് മതിലിനോട് ചേർത്ത് കിടത്തിയിരുന്നത്. തുടക്കത്തിൽ അസ്വഭാവിക മരണത്തിനാണ് പാറശ്ശാല പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകം എന്ന് തെളിഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്തു കൃത്യത്തിന് ഉപയോഗിച്ച പാറകല്ലിന്റെ കഷണവും, രക്തം തുടച്ചു കളയാൻ ഉപയോഗിച്ച പ്രതിയുടെ തോർത്ത്, മുണ്ട്, ഷർട്ട് എന്നിവ കണ്ടെടുത്തു. കൃത്യ വീട്ടിലെ തറയിൽ കണ്ട രക്ത കറയും, പ്രതിയുടെ വസ്ത്രങ്ങളിൽ കണ്ട രക്തകറയും, വായിൽ നിന്നുമുള്ള ശ്രവങ്ങളും ഫോറൻസിക് പരിശോധനയിൽ മരണപെട്ട തോമസിന്റെ താണെന്ന് തെളിഞ്ഞു.

കൃത്യ ദിവസം രാത്രിയിൽ ജോണി തോമസിനെ ബൈക്കിൽ പുറകിലിരുത്തി കൊണ്ട് പോകുന്നത് വട്ടവിള ജംഗ്ഷനിലെ സർവീസ് സഹകരണ ബാങ്കിലെ സി സി റ്റി വി ദൃശ്യങ്ങൾ മറ്റൊരു തെളിവായി മാറി. കോടതിയുടെ ചോദ്യത്തിൽ പ്രതി കൃത്യ ദിവസം തന്റെ സഹോദരനായ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ മൊഴി നൽകിയിരുന്നു.

പ്രതിയുടെ രണ്ടു സഹോദരങ്ങൾ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ പ്രതി ജോണി നിരവധി കഞ്ചാവ്, ചാരായം, മണൽ കടത്തു കേസുകളിലും ഉൾപ്പെട്ട കേസുകളുടെ രേഖ കൾ പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. 341,342,364, 323,326,& 302 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും 2ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. പ്രോസിക്യുഷൻഭാഗം 46 സാക്ഷികളെ വിസ്തരിച്ചു.70 രേഖകളും 37 കേസിൽ പെട്ട വസ്തുക്കളും കോടതിയിൽ ഹാജരാക്കി. പാറശ്ശാല പോലീസ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത് ജനാർദ്ദനൻ പ്രാഥമിക അന്വേഷണം നടത്തിയ കേസിൽ കൂടുതൽ അന്വേഷണം സർക്കിൾ ഇൻസ്പെക്ടർ മാരായ ഇ.കെ .സോൾജി മോൻ , എം.ആർ .മൃദുൽ കുമാർ, ടി.സതികുമാർ എന്നിവർ നടത്തി ഫൈനൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യുഷനു വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ പാറശ്ശാല എ. അജികുമാർ ഹാജരായി.

Hot Topics

Related Articles