പന്ത്രണ്ട് വർഷത്തെ പ്രാർത്ഥനാ നിരതമായ കാത്തിരിപ്പിന് പരിസമാപ്തി; വൈക്കം മഹാദേവക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ മാത്രം നടത്തുന്ന വടക്കുപുറത്തുപാട്ടിനു നാളെ തുടക്കം

വൈക്കം: ഒരു പതിറ്റാണ്ടിലേറെ നീണ്ട പ്രാർത്ഥനാ നിരതമായ കാത്തിരിപ്പിന് സമാപനമാകുന്നു. വൈക്കം മഹാദേവക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന വടക്കുപുറത്ത് പാട്ടിന് നാളെ തുടക്കമാകുന്നതോടെയാണ് പന്ത്രണ്ട് വർഷം നീണ്ട കാത്തിരിപ്പിന് സമാപനമാകുന്നത്. ത്രേതായുഗം മുതലുള്ള പ്രാചീനത അവകാശപ്പെടാവുന്നതും, ഭാരതത്തിലെ 108 പ്രസിദ്ധശിവാലയങ്ങളിൽപ്പെടുന്നതുമായ വൈക്കം മഹാദേവക്ഷേത്രം ഭാർഗ്ഗവപുരാണം, സനൽകുമാരസംഹിത തുടങ്ങിയ പ്രാചീന സംസ്‌കൃത ഗ്രന്ഥങ്ങളിൽ വൈയാഘാഗേഹം, വൈയാഘ്രപുരം എന്നീ പേരുകളിൽ പരാമർശിക്കപ്പെടുന്നു. സ്‌കന്ദപുരാണവും പത്മപുരാണവും വേദസാരശിവസഹസ്രനാമവും വൈക്കത്തിന് വേദകാലത്തോളം പഴക്കമുളളതായിബോദ്ധ്യപ്പെടുത്തുന്നു.

Advertisements

ഖരമഹർഷിക്ക് തന്റെ തപശ്ശക്തിയാൽ ചിദംബരത്തുനിന്നും ലഭ്യമായ ശിവലിംഗം ഭക്തോത്തമനായ വ്യാഘ്രപാദമഹർഷി ആരാധിച്ചുവന്നു. വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമിദിവസം പാർവ്വതീസമേതനായി ഭഗവാൻ വ്യാഘ്രപാദ മഹർഷിക്കു ദർശനം നൽകി. കുറെക്കാലം ഭകത്യാദരപൂർവ്വം ശിവഭജനം ചെയ്തശേഷം വ്യാഘ്രപാദ മഹർഷി ദേശാടനത്തിനുപോയി. പിന്നീട് ചിരഞ്ജീവിയായ സാക്ഷാൽ ഭാർഗവരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട്, പൂജാവിധാനങ്ങൾ കൽപ്പിക്കപ്പെട്ടിട്ടുള്ള പരിപാവനമായ ദിവ്യ സങ്കേതമാണ് വൈക്കത്തപ്പന്റെ തിരുസന്നിധി; ശ്രീ ശങ്കരാചാര്യർക്കും വില്യമംഗലത്തു സ്വാമിയാർക്കും ശിവദർശനം ലഭിച്ച പുണ്യഭൂമി അഷ്ടമിപ്രബന്ധം കൊണ്ട് മേൽപ്പത്തൂർ ഭട്ടതിരിയും, കുചേലവൃത്തം കൊണ്ട് രാമപുരത്തുവാര്യരും വ്യാഘ്രാലയേശ ശതകം കൊണ്ട് കേരള വർമ്മ വലിയ കോയിത്തമ്പുരാനും നിരവധി കീർത്തനങ്ങളിലൂടെ സ്വാതിതിരുനാൾ മഹാരാജാവും അഷ്ടമി യാത്രയിലൂടെ നടുവത്തും വ്യാഘ്രാലയേശ നക്ഷത്രമാലയിലൂടെ പാച്ചുമൂസ്സതും, അങ്ങനെ എത്രയെത്ര മഹാനുഭാവന്മാർ തിരുവൈക്കത്തെ അപർണ്ണാനാഥന്റെ അപദാനങ്ങളെ വാഴ്ത്തിയിരിക്കുന്നു. വൈക്കത്തപ്പസുപ്രഭാതം രചിച്ചതിലൂടെ തരണി ദാമോദരൻ നമ്പൂതിരിയും, സംഗീതസപര്യയിലൂടെ വൈക്കത്തപ്പദാസനായിക്കഴിയുന്ന ദക്ഷിണാമൂർത്തി സ്വാമിയും ഈ ചൈതന്യത്തെ തൊട്ടറിഞ്ഞവരാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി മൂന്നുഭാവങ്ങളിലാണ് വൈക്കത്തപ്പൻ ഭക്തരെ അനുഗ്രഹിക്കുന്നത്. പ്രഭാതത്തിൽ അജ്ഞാനനാശകനായ ദക്ഷിണാമൂർത്തി, മദ്ധ്യാഹ്നത്തിൽ ശത്രുദോഷത്തെ നീക്കുന്ന കിരാതമൂർത്തി. സായാഹ്നത്തിൽ പാർവ്വതീസമേതനായി ഉണ്ണിഗണപതിയേയും, സുബ്രഹ്മണ്യനെയും, പാർശ്വങ്ങളിലിരുത്തി സർവ്വാഭീഷ്ടദായകനായി വിളങ്ങഉന്ന ഗൃഹസ്ഥാശ്രമിയായ സാംബശിവൻ.

നെയ്ത്തിരി നാളങ്ങളാൽ പ്രശോഭിതമായ, വിവിധതരം ഊർജ്ജങ്ങളഉടെ പ്രഭവകേന്ദ്രമായ തിരുവൈക്കത്തപ്പന്റെ ശ്രീകോവിലിനു മുന്നിൽ തങ്ങളുടെ കദനഭാരമിറക്കിവച്ച്, ഗദ്ഗദകണത്തോടെ ആനന്ദബാഷ്പം തൂകി നൂറ്റാണ്ടുകളായി എത്രയെത്ര ഭക്തജനങ്ങൾ നിർവൃതി നേടുന്നു.

വിവിധ തരത്തിലുള്ള സന്ധ്യവേലകൾ, കോപ്പുതൂക്കൽ, ഋഷഭവാഹനം എഴുന്നെള്ളിപ്പ്, കൂടിപ്പൂജ, വലിയവിളക്ക്, അഷ്ടമി വിളക്ക്, മുക്കുടിനിവേദ്യം, കുംഭാഷ്ടമി, വൈക്കത്തപ്പൻ ചിറപ്പ് ഇതിനെല്ലാമുപരി വൈക്കത്തെ പ്രാതൽ, തുടങ്ങി വ്യത്യസ്തങ്ങളായ ആചാരാനുഷ്ഠാനങ്ങൾ കൊണ്ട് സമ്പന്നമാണ് വൈക്കം മഹാദേവക്ഷേത്രം. പന്ത്രണ്ടു വർഷത്തിലൊരിക്കൽ കോടിയർച്ചനയോടുകൂടി നടത്തപ്പെടുന്ന വടക്കുപുറത്തു പാട്ട് അത്യപൂർവ്വമായ ഒന്നാണ്.

വൈക്കം മഹാദേവക്ഷേത്രത്തിൽ 12 വർഷം കൂടുമ്പോൾ ഭദ്രകാളി പ്രീതിക്കായി ക്ഷേത്രത്തിന്റെ വടക്കേതിരുമുറ്റത്ത് മീനമാസത്തിലെ കാർത്തിക നാൾ മുതൽ 12 ദിവസം കളമെഴുത്തും പാട്ടും വിശേഷാൽ ചടങ്ങുകളോടു കൂടി നടത്തുന്നതിനാണ് വടക്കുപുറത്ത് പാട്ട് എന്നു പറയുന്നത്. അത്യഅപൂർവ്വവും അതിവിശിഷ്ടവുമായ ഈ മഹത്കർമ്മത്തിന്റെ ആവിർഭാവം വടക്കുംകൂർ രാജഭരണകാലത്താണ്.

വടക്കുംകൂർ രാജഭരണകാലത്തൊരിക്കൽ വൈക്കത്തും പരിസര പ്രദേശങ്ങളിലും വസൂരി തുടങ്ങിയ മാരകരോഗങ്ങൾ പടർന്നു പിടിക്കുകയും രോഗം നിമിത്തം അനേകം പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു, മാസങ്ങൾ കഴിഞ്ഞിട്ടും രോഗം ശമിക്കാത്തതിനാൽ ദുഖിതനായ രാജാവ് പ്രശ്നവിധി തേടുകയും ചെയ്തു. കുജദോഷമാണ് ആപത്തിനുകാരണമെന്നും, കുജന്റെ ദേവത ഭദ്രകാളിയാണെന്നും, ‘ദേവതാകൃത വിരോധ ശാന്തയെ ദേവതാനമനമേവ യുജ്യതേ’ എന്നുള്ളതു കൊണ്ട് രോഗശമനത്തിന് ഭദ്രകാളിയെ സേവിക്കുക തന്നെയാണ് വേണ്ടതെന്നും, കേരളത്തിലുള്ള ഭദ്രകാളീക്ഷേത്രങ്ങളിൽ പ്രാധാന്യം കൊടുങ്ങല്ലൂർ ഭഗവതിയാണെന്നും, ആയതിനാൽ അവിടെച്ചെന്നു ഭജിച്ച് അവിടെനിന്നുണ്ടാകുന്ന കൽപനപോലെ ചെയ്താൽ ആപത്തൊഴിയുമെന്നും പ്രശ്ന വിധിയുണ്ടായി. വിധിപ്രകാരം രാജാവും ദേശപ്രമുഖരും കൊടുങ്ങല്ലൂരിലെത്തി ദേവീഭജനം ആരംഭിച്ചു. നാൽപ്പൊത്തൊന്നു ദിവസമായപ്പോൾ രാജാവിന് സ്വപ്നദർശനമുണ്ടായി, ”എന്നെ ഉദ്ധേശിച്ച് വൈക്കത്ത് മതിൽക്കകത്ത് വടക്കേനതിരുമുറ്റത്ത് വെച്ച് പന്ത്രണ്ട് ദിവസം കളമെഴുത്തും പാട്ടും, പാട്ട് കാലം കൂടുമ്പോൾ ഗുരുതിയും നടത്തിയാൽ ഉണ്ടായിരിക്കുന്ന ആപത്ത് ഒഴിയുമെന്നും ഇങ്ങനെ പന്ത്രണ്ടു കൊല്ലം കൂടുമ്പോൾ പതിവായി നടത്തിക്കൊണ്ടാൽ മേലാലും ഈ വിധമുള്ള ആപത്തുണ്ടാവുകയില്ലെന്നും പാട്ടുനടത്തേണ്ടത് ഇന്നിന്നപ്രകാരം വേണമെന്നും തലയ്ക്കൽ ഇരിക്കുന്ന ഈ വാൾകൂടി കൊണ്ടുപോയി ഇതൊരു പീഠത്തിന്മേൽ വെച്ച് എന്നെ സങ്കൾപ്പിച്ചു പൂജിച്ചിട്ടുവേണം പാട്ടുനടത്തേണ്ടതെന്നും പറഞ്ഞാണ് ദർശനമുണ്ടായത്’. ഉറക്കത്തിൽ നിന്നുമുണർന്നരാജാവ് തലയ്ക്കൽ വാളിരിക്കുന്നത് കണ്ട് ഭഗവതി തന്നെയാണ് സ്വപ്നദർശനം നൽകിയതെന്ന് വിശ്വസിച്ച് പിറ്റേ ദിവസം ക്ഷേത്ര സന്നിധിയിൽ ചെന്നപ്പോൾ ഇന്നലെ അടുക്കൽ വന്നത് ഞാൻ തന്നെയാണ് ; ഒട്ടും സംശയിക്കേണ്ട ഞാൻ പറഞ്ഞതുപോലെ ചെയ്താൽ ആപത്തും അനർത്ഥവുമെല്ലാം നീങ്ങി സുഖമുണ്ടാകും ഉറഞ്ഞുതുള്ളി നിൽക്കുന്ന വെളിച്ചപ്പാട് കൽപിച്ചതോടെആയതനുസരിച്ച് വൈക്കത്തെത്തിയ രാജാവ് വിധിപ്രകാരം അതിഗംഭീരമായി പന്ത്രണ്ടുദിവസത്തെകളമെഴുത്തും പാട്ടും നടത്തുകയും ആപത്തൊഴിയുകയും ചെയ്തു. അന്നുമുതൽ ആരംഭിച്ച വടക്കുപുറത്ത് പാട്ട് മുൻകാലങ്ങളിൽ വരെ കൃത്യമായി നടത്തി വന്നിരുന്നു. പിന്നീട് അത് നിന്ന് പോവുകയും വീണ്ടും 1964ൽ അഷ്ടമി ഉത്സവത്തിന്റെ ആറാട്ട് പിറ്റേന്ന് ക്ഷേത്ര കിണറ്റുപുരമാളിക തീപിടിക്കുകയും, വൈക്കത്തും പരിസര പ്രദേശങ്ങളിലും പകർച്ചവ്യാധിയുടെ ആരംഭം കാണുകയും ചെയ്തതിനെ തുടർന്ന് നടത്തിയ ദേവപ്രശ്നവിധിപ്രകാരം 1965 മുതൽ വടക്കുപുറത്ത് പാട്ട് പുനരാരംഭിക്കുകയുണ്ടായി. പിന്നീട് 1977, 1989, 2001, 2013 വർഷങ്ങളിൽ പൂർവ്വാധികം ഭംഗിയായി ആചരിച്ച വടക്കുപുറത്ത് പാട്ട് 2025 ഏപ്രിൽ മാസം 02 (1200 മീനം 19) മുതൽ ആരംഭിച്ച് ഏപ്രിൽ മാസം 13 (1200 മീനം 30) വരെ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.

ക്ഷേത്രാങ്കണത്തിൽ വടക്കുവശത്ത് വലിയ നെടുമ്പുര കെട്ടി 12 ദിവസം പഞ്ചവർണ്ണങ്ങളാൽ ദേവിയുടെ രൂപം വിവിധ ഭാവങ്ങളിൽ കളമെഴുതി, പാട്ടും വിശേഷാൽ പൂജകളും നടത്തുന്നതാണ് പ്രധാന ചടങ്ങ്. ആദ്യ നാല് ദിവസങ്ങളിൽ 8 കൈകളോടുകൂടിയതും പിന്നീട് നാല് ദിവസങ്ങളിൽ 16 കൈകളോടെയും, പിന്നീടുള്ള 3 ദിവസങ്ങളിൽ 32 കൈകളോടെയും അവസാന ദിവസം 64 കൈകളിൽ ആയുധങ്ങളുമായി വാഹനമായ വേതാളത്തിന്റെ പുറത്ത് കയറിവരുന്ന ഉഗ്ര രൂപമാണ് കളത്തിലെഴുതുന്നത്. പ്രസ്തുത കളത്തിന്റെ വലതുഭാഗം ദേവചൈതന്യമായും ഇടത്തൂ ഭാഗം അസൂര ചൈതന്യമായും വിശ്വസിക്കപ്പെടുന്നു.

പന്ത്രണ്ട് ദിവസങ്ങളിലും രാത്രി ക്ഷേത്ര വടക്കേനടയിലുള്ള കൊച്ചാലുംചുവട് ദേവീസങ്കേതത്തിൽനിന്നും താലപ്പൊലി, വാദ്യമേളങ്ങളോടുകൂടി ദേവിയെ എഴുന്നെള്ളിച്ച് വൈക്കത്തപ്പന്റെ അത്താഴശ്രീബലിയുടെ ആദ്യപ്രദക്ഷിണം വടക്കുഭാഗത്ത് എത്തുമ്പോൾ കൊച്ചാലും ചുവട്ടിൽ നിന്നുള്ള ദേവിയുടെ എഴുന്നെള്ളിപ്പും ക്ഷേത്രമതിൽക്കകത്ത് പ്രവേശിക്കുന്നു, തുടർന്നുള്ള പ്രദക്ഷിണങ്ങൾ ഒരുമിച്ചാണ്. മൂന്നാമത്തെ പ്രദക്ഷിണത്തിനു ശേഷം നെടുമ്പുരയിലേക്ക് എഴുന്നള്ളിക്കുന്ന ദേവിയെ കളത്തിൽ കുടിയരുത്തി പാട്ടും വിശേഷാൽ പൂജകളും നടത്തി കളം മായ്ക്കുന്നതോടെ ഒരു ദിവസത്തെ ചടങ്ങ് അവസാനിക്കുന്നു. 12-ാം ദിവസത്തെ കളംമായ്ക്കൽകഴിഞ്ഞാൽ വലിയഗുരുതിയോടു കൂടി വടക്കുപുറത്ത് പാട്ട് പരിസമാപ്തിയിലെത്തുന്നു. അവസാന ദിവസമെഴുതുന്ന കളം കേരളത്തിൽ വരയക്കപ്പെടുന്ന ദേവീ രൂപങ്ങളിൽ ഏറ്റവും വലുതും അത്യപൂർവ്വവുമാണ്. കളം കുറിക്കുവാൻ പുതുശ്ശേരി കുറുപ്പന്മാരെ നിശ്ചയിച്ചിട്ടുള്ളതും ആയതിനാൽ ഇത്തവണ നേതൃത്വം നൽകുന്നത് പുതുശ്ശേരി കാരണവരായ പി.എൻ ശങ്കരക്കുറുപ്പ് ആണ്.

Hot Topics

Related Articles