കൊല്ലം : ഓയൂരില്‍ ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം മൂന്നാം ദിവസം പിന്നിടുമ്പോഴും ഇരുട്ടില്‍ തപ്പി പൊലീസ്. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. അതേ സമയം സംഭവം നടന്ന് 50 മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് ഒരു സൂചന പോലും പൊലീസിനു ലഭിച്ചില്ല. ആരോഗ്യപരമായി ക്ഷീണിതയായ കുട്ടിയെ നിരന്തരം ചോദ്യം ചെയ്തപ്പോള്‍ കുട്ടി പേടിയാകുന്നു എന്നു പറഞ്ഞിരുന്നു. പിന്നീട് കുട്ടിയോടു വിവരങ്ങള്‍ ആരായുന്നതില്‍ പൊലീസ് മയം വരുത്തി.
മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടിയെ കാണിച്ചു എന്നാണ് വിവരം. എന്നാല്‍ ഇവരെ ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടായിരുന്നോ എന്നും പൊലീസിന് സംശയം.അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. ഈ ചിത്രവുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാൻ എന്നയാളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാല്‍ തനിക്ക് ഈ സംഭവവുമായി ഒരു ബന്ധമില്ലെന്ന് ഷാജഹാൻ അറിയിച്ചു. ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു. പിന്നാലെ ഷാജഹാന്റെ വീട് ഒരുസംഘം ആളുകള്‍ തല്ലിത്തകര്‍ത്തു.അബിഗേലുമായി സംഘം പോയത് വര്‍ക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. ഒരു വലിയ വീട്ടിലാണു തന്നെ താമസിപ്പിച്ചതെന്നാണു കുട്ടി പൊലീസിനോടും മാതാപിതാക്കളോടും പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതു പാരിപ്പള്ളിക്ക് സമീപമുള്ള വീടായിരിക്കാം എന്നാണു നിഗമനം. ഈ വീട്ടില്‍ നിന്നാണ് തട്ടിക്കൊണ്ടു പോയ സ്ത്രീ കുട്ടിയെ കൊല്ലത്തേക്കു കൊണ്ടുപോയത്. ആദ്യം കാറിലും പിന്നീട് ഓട്ടോറിക്ഷയിലും. ആശ്രാമം ലിങ്ക് റോഡ് വരെ കാറിലായിരിക്കണം യാത്ര എന്നാണു കരുതുന്നത്. അവിടെ കാത്തുനിന്ന യുവതിയെയും കുട്ടിയെയും സജീവൻ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ആശ്രാമം മൈതാനം വരെ കൊണ്ടു വിട്ടത്. ഇയാളുടെയും കുട്ടിയെ ആദ്യം കണ്ട വിദ്യാര്‍ഥികളുടെയും ആശ്രാമം നിവാസികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പ്രതികളെക്കുറിച്ച് സൂചന പോലും ലഭിച്ചില്ല. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നു.