പുതുപ്പള്ളി : മുൻ മുഖ്യമന്ത്രിയും തന്റെ പിതാവുമായ ഉമ്മൻ ചാണ്ടിയുടെ വേർപാടിന്റെ മുപ്പതാം നാളത്തെ കുർബാന പ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ടാണ് ചാണ്ടി ഉമ്മൻ ഇന്നത്തെ പ്രചാരണ പരിപാടികൾ ആരംഭിച്ചത്. ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന രാഷ്ട്രീയ സാംസ്കാരിക സാമൂഹിക മേഖലകളിലെ നിരവധിപേർ രാവിലെ കുർബാന പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു. അവിടെ വെച്ചു തന്നെ നിരവധി പ്രമുഖർ ഉമ്മൻ ചാണ്ടിയെ പറ്റി ഉദ്ധരിക്കുന്ന ലിബി പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഹൃദയപക്ഷത്തെ കുഞ്ഞൂഞ്ഞ് എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. യുഹാനോൻ മാർ ഹോളി കോർപ്പസ് തിരുമേനിയാണ് കല്ലേറയിൽ വെച്ച് പ്രകാശനം നിർവഹിച്ചത്.
തുടർന്ന് സ്ഥാനാർത്ഥി സ്വന്തം വാർഡിൽ നോമിനേഷൻ സമർപ്പണത്തിന് മുമ്പ് അനുഗ്രഹം തേടി എത്തി. പാലാകമുന്നിക്കൽ, കുന്നൂർ റോഡ് എന്നിവിടങ്ങളിലാണ് സ്ഥാനാർത്ഥി പര്യടനം നടത്തിയത്. കുന്നൂർ റോഡിലെ വീടുകൾ കയറുന്നതിനിടയിൽ പൗലോ ചേട്ടൻ ചാണ്ടിയെ കണ്ട് പൊട്ടിക്കരഞ്ഞു. ഉമ്മൻചാണ്ടിയുമായി ഏറെ വൈകാരികമായ ബന്ധമായിരുന്നു പൗലോ ചേട്ടന് ഉണ്ടായിരുന്നത്. ഓരോ വീടുകളിലും സ്നേഹവായ്പുകളോടെയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചിരുന്നത്. വീടുകൾ കയറും തോറും ഉമ്മൻചാണ്ടിയും ആയുള്ള ഓർമ്മകളാണ് എല്ലാവരും ചാണ്ടി ഉമ്മനുമായി പങ്കുവെച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടയിൽ രസകരമായ ഒരു സംഭവം ഉണ്ടായത് വോട്ട് തേടിയിറങ്ങിയ സ്ഥാനാർത്ഥിക്കൊപ്പം സ്കൂളിൽ പോകാതെ ഒന്നാം ക്ലാസ് വിദ്യാർത്ഥി ഐലനും കൂടെ കൂടി. വീടുകൾ കയറിയിറങ്ങിയ ഐലനെ ചാണ്ടി ഉമ്മൻ നിർബന്ധിച്ചാണ് സ്കൂളിലേക്ക് അയച്ചത്. പിന്നീട് കോട്ടയത്ത് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. സ്ഥാനാർത്ഥിയുടെ ഉജ്വല വിജയത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് യോഗത്തിൽ തീരുമാനം ഉണ്ടായി. തുടർന്ന് കെപിഎംഎസ് പുതുപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസ് സന്ദർശിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സനീഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം എ കൃഷ്ണകുമാർ എന്നിവരാണ് ചാണ്ടി ഉമ്മനെ സ്വീകരിച്ചത്.
ഉച്ചയ്ക്കുശേഷം തുരുത്തി പ്രദേശത്ത് വീടുകൾ കയറി വോട്ട് അഭ്യർത്ഥന നടത്തി. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിലെ സീനിയർ അധ്യാപികയായിരുന്ന കൊട്ടാരത്തിൽ കൊച്ചന്നയമ്മ ടീച്ചറെ സന്ദർശിച്ച് അനുഗ്രഹം തേടി. തുടർന്ന് വിവിധ മണ്ഡലം കൺവെൻഷനുകളിൽ പങ്കെടുത്തു. അകത്താനം മണ്ഡലം കൺവെൻഷൻ പ്രതിപക്ഷനേതാവ് വി ഡി സതീശനും അകലക്കുന്നം മണ്ഡലം കൺവെൻഷൻ കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫും അയർക്കുന്നം മണ്ഡലം കൺവെൻഷൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്തു.
വാഗത്താനം മണ്ഡലം കൺവൻഷനിൽ സ്ഥാനാർത്ഥിക്ക് നോമിനേഷന് കെട്ടി വയ്ക്കാനുള്ള രൂപ എം.ആർ.എഫ് ഐ എൻ ടി യു സി യൂണിയൻ കൈമാറി.
ഉമ്മൻ ചാണ്ടിയുടെ ജനപ്രീതിയ്ക്കൊപ്പം ചാണ്ടി ഉമ്മൻ എന്ന സ്ഥാനാർത്ഥിയുടെ മികവിൽ മണ്ഡലത്തിൽ യുഡിഎഫിന് കടുത്ത പിന്തുണയാണ് ആർജിക്കുന്നത്.