ന്യൂഡൽഹി : മദ്ധ്യപ്രദേശിലെ ഉജ്ജയിനില്‍ 15 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചതിന് അറസ്റ്റിലായ യുവാവിന്റെ വീട് നാളെ ഇടിച്ചുനിരത്തും. നിയമവിരുദ്ധമായി നിര്‍മിച്ചതാണ് ഇയാളുടെ വീടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടി രക്തമൊലിപ്പിച്ചുകൊണ്ട് വീടുകള്‍ തോറും കയറിയിറങ്ങി സഹായം തേടുന്ന സിസിടിവി ദൃശ്യങ്ങള്‍ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നതായിരുന്നു.
സംഭവത്തില്‍ ഭരത് സോണി എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റിലായത്. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡില്‍ ജയിലില്‍ കഴിയുകയാണ്. പ്രതിയുടെ കുടുംബം സര്‍ക്കാര്‍ ഭൂമിയില്‍ നിയമവിരുദ്ധമായി പണിതുയര്‍ത്തിയ വീട്ടിലാണ് കഴിയുന്നതെന്ന് കണ്ടെത്തിയതായി ഉജ്ജെയിന്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതായതിനാല്‍ അതില്‍ പണിതുയര്‍ത്തിയ വീട് പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കേണ്ട കാര്യമില്ലെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ റോഷന്‍ സിങ് പറഞ്ഞു. മദ്ധ്യപ്രദേശ് പൊലീസിന്റെ സഹകരത്തോടെ നാളെ മുനിസിപ്പല്‍ കോര്‍പറേഷന്‍ പൊളിക്കല്‍ നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എഴുനൂറിലധികം സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധനിച്ച ശേഷമാണ് പ്രതി ഭരത് സോണിയെ അറസ്റ്റ് ചെയ്തത്. 35ഓളം പൊലീസുകാരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. നാല് ദിവസത്തോളം ഉറക്കം പോലും ഉപേക്ഷിച്ച് എല്ലാവരും പ്രതിയെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നുവെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സെപ്റ്റംബര്‍ 26നാണ് പെണ്‍കുട്ടി ചോരയൊലിപ്പിച്ച് കൊണ്ട് റോഡിലൂടെ നടക്കുന്നതിന്റെയും വീടുകള്‍ തോറും കയറി സഹായം തേടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്.
ഉജ്ജയിനില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ബാദ്‍നഗര്‍ റോഡിലായിരുന്നു സംഭവം. ഓരോ വീട്ടിലും സഹായം ചോദിച്ച പെണ്‍കുട്ടിയെ അവിടങ്ങളില്‍ നിന്നെല്ലാം ആളുകള്‍ ആട്ടിയോടിച്ചു. തളര്‍ന്ന ശരീരവും കീറിപ്പറിഞ്ഞ വസ്ത്രവുമായി തെരുവില്‍ അലഞ്ഞ പെണ്‍കുട്ടിയ്ക്ക് പരിസരത്തെ ഒരു ആശ്രമത്തിലെ പുരോഹിതനാണ് ഒടുവില്‍ സഹായമേകിയത്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരിക്കാം എന്ന് സംശയിച്ച അദ്ദേഹം ടവ്വല്‍ കൊണ്ട് പുതപ്പിച്ച ശേഷം ആശുപത്രിയില്‍ എത്തിച്ചു. പരിശോധയില്‍ കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചു. ഗുരുതര പരിക്കുകളാണ് ശരീരത്തിലുണ്ടായിരുന്നത്. പിന്നീട് വിദഗ്ധ പരിചരണത്തിന് ഇന്‍ഡോറിലെ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായത്. തെളിവെടുപ്പിനിടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. ഇതിനിടെ ഇയാളുടെ കൈകള്‍ക്കും കാലിനും പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിയെ തൂക്കിക്കൊല്ലണമെന്ന് അദ്ദേഹത്തിന്റെ പിതാവും ആവശ്യപ്പെട്ടു.