കോട്ടയം: വിവാദങ്ങള്‍ക്കിടെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ നിന്നുള്ള ഒറ്റക്കുള്ള ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു ചാണ്ടി ഉമ്മന്‍ എം.എല്‍.എ.പാലക്കാട് ഉപതെരഞ്ഞെടുപ്പു പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കിയപ്പോള്‍ തനിക്കു ചുമതല തന്നില്ലെന്ന ചാണ്ടി ഉമ്മന്റെ തുറന്നു പറച്ചില്‍ പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു.പിന്നാലെ പാര്‍ട്ടിയില്‍ നന്നു കടുത്ത വിമര്‍ശനമാണു ചാണ്ടി ഉമ്മനു നേരെ ഉയരുന്നത്.
തന്നെ മാറ്റി നിറുത്താനും അവഗണിക്കാനും തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഒരു എം.എല്‍.എ ശ്രമിച്ചിരുന്നു.ഈ നീക്കമാണു തുറന്നു പറഞ്ഞത്. വ്യക്തിപരമായി പാര്‍ട്ടിക്കെതിരെയോ പ്രതിപക്ഷ നേതാവിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല.കൂടുതല്‍ ചര്‍ച്ചകള്‍ക്കില്ല. പാര്‍ട്ടിക്കുള്ളില്‍ എല്ലാം തുറന്നു പറയുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.ചാണ്ടി ഉമ്മന്റെ പ്രതികരണം പ്രതിപക്ഷ നേതാവിനെതിരെയാണെന്ന പ്രചാരണം ചര്‍ച്ചയായതോടെ ചാണ്ടി ഉമ്മനെ തള്ളി വി.ഡി.സതീശന്‍ രംഗത്തുവന്നിരുന്നു. ഏതാനും ചിലര്‍ ചാണ്ടി ഉമ്മനെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാര്‍ട്ടിയില്‍ ചാണ്ടി ഉമ്മന്‍ അടച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന സൂചനകള്‍ പുറത്തു വരുന്നതിനിടെയാണ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ നിന്നുള്ള ഒറ്റക്കുള്ള ചിത്രം ചാണ്ടി ഉമ്മന്‍ എം.എല്‍.എ. പങ്കുവെച്ചത്.അതിനൊപ്പം കല്ലറയില്‍ സ്ഥാപിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ചിത്രം മാറ്റിയ ഫോട്ടോയും പുറത്തുവന്നു . ഇത് പിന്നീട് പുലര്‍ച്ചെ ചാണ്ടി ഉമ്മന്‍ വീണ്ടും പുനസ്ഥാപിച്ചുവെന്നുള്ള സന്ദേശങ്ങളും സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെയാണു കല്ലറയില്‍ നിന്നുള്ള ചിത്രം ചാണ്ടി ഉമ്മന്‍ പങ്കുവെച്ചത്.ഫോട്ടോ ഇട്ടതു കൊണ്ടു മാത്രം കാര്യമില്ല, തന്റെ മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണു വേണ്ടതെന്നുള്ള ഉപദേശങ്ങളാണു കമന്റുകളായി കൂടുതലും ലഭിക്കുന്നത്.
ഇതിനിടെ സി.പി.എം സൈബര്‍ പ്രൊഫൈലായ പോരാളി ഷാജിയും ചിത്രത്തിനു കമന്റ് ചെയ്തിട്ടുണ്ട്. ‘ഭരണിപ്പാട്ടുമായി ഷാഫിപ്പട ഇപ്പോഴിങ്ങെത്തും’ എന്നാണു പോരാളി ഷാജിയുടെ കമന്റ്.അതേസമയം, ചാണ്ടി ഉമ്മനെ അനുകൂലിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെ.എസ് അഖിലിനെതിരെ പാര്‍ട്ടി നടപടിയെടുയത്തു. മാധ്യമ വിഭാഗം പാനലില്‍ നിന്ന് ഒഴിവാക്കി.ചാണ്ടി ഉമ്മന്‍ വിഷയത്തില്‍ അനുമതിയില്ലാതെ പങ്കെടുത്തതിനാണു നടപടി. ചാണ്ടിയെ അനുകൂലിച്ചു പാര്‍ട്ടിക്കെതിരെ സംസാരിച്ചെന്നതാണ് അഖിലിനെതിരായ കുറ്റം.