ഈ ഡിജിറ്റല്‍ യുഗത്തില്‍ സ്മാര്‍ട് ഫോണ്‍, ലാപ്ടോപ് എന്നിങ്ങനെയുള്ള ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ഉപദേശിച്ചിട്ട് യാതൊരു കാര്യവുമില്ലെന്ന് തന്നെ പറയാം. പഠനം, ജോലി എന്നിങ്ങനെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം സ്ക്രീനില്‍ നോക്കി മാത്രം ചെയ്യുന്ന രീതിയിലേക്ക് സാഹചര്യങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു.
ഇങ്ങനെയുള്ള ആവശ്യങ്ങള്‍ കഴിഞ്ഞാലും വിനോദത്തിന് വേണ്ടിയും സ്ക്രീൻ സമയം ഏറെ എടുക്കുന്നവരുണ്ട്. റീല്‍സ്, സിനിമ, സോഷ്യല്‍ മീഡിയ എന്നിങ്ങനെയെല്ലാം. എന്തായാലും ദിവസത്തില്‍ ഏറെ സമയവും ഇങ്ങനെ സ്ക്രീനുകളിലേക്ക് നോക്കിയിരിക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കുമാണ് നയിക്കുക. പ്രത്യേകിച്ച് കണ്ണുകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരത്തില്‍ സ്ക്രീൻസമയം അധികമെടുക്കുന്നത് കണ്ണുകളെ ബാധിക്കാതിരിക്കാൻ എന്താണ് ചെയ്യാൻ സാധിക്കുക? ആദ്യം തീര്‍ച്ചയായും സ്ക്രീൻ സമയം പരിമിതപ്പെടുത്തുക തന്നെ വേണം.
ഇതില്‍ ഒരു സന്ധിയും ചെയ്യാനില്ല. സമയം നിശ്ചയിച്ച് ഓരോ കാര്യത്തിലേക്കും കടക്കാം. ആവശ്യങ്ങളെ പ്രാധാന്യമനുസരിച്ച് ക്രമീകരിക്കുക, ശേഷം അത്ര പ്രധാനമല്ലാത്ത കാര്യങ്ങള്‍ക്ക് സ്ക്രീൻ സമയം കുറയ്ക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യാം. ഇതൊരു ശീലത്തിന്റെ മാത്രം പ്രശ്നമാണ്. നമ്മള് പരിശീലിച്ചുകഴിഞ്ഞാല്‍ എളുപ്പത്തില്‍ സ്ക്രീൻ സമയം പരിമിതപ്പെടുത്താൻ സാധിക്കും.
സ്ക്രീൻ സമയം പരിമിതപ്പെടുത്തിയില്ലെങ്കില്‍ കണ്ണിന് തളര്‍ച്ച, കണ്ണ് വരണ്ടുപോകുന്ന അവസ്ഥ (ഡ്രൈ ഐസ്) കാഴ്ച ശക്തി മങ്ങല്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ബാധിക്കാം എന്ന ഓര്‍മ്മ വേണം. ദീര്‍ഘസമയം സ്ക്രീനിലേക്ക് നോക്കി ഇരിക്കാൻ നിര്‍ബന്ധിതമാകുന്ന സാഹചര്യങ്ങളില്‍ ഇടയ്ക്കിടെ സ്ക്രീനില്‍ നിന്ന് ബ്രേക്ക് എടുക്കുക. ഇരുപത് മിനുറ്റ് സമയമാണ് ഇതിന് നിര്‍ദേശിക്കുന്നത്. അതായത് 20 മിനുറ്റ് തുടര്‍ച്ചയായി സ്ക്രീനിലേക്ക് നോക്കിയാല്‍ 20 സെക്കൻഡ് എങ്കിലും ബ്രേക്ക് എടുക്കണം.
ഈ സമയത്ത് ദൂരെയുള്ള ഏതെങ്കിലും വസ്തുവിലേക്കോ കാഴ്ചയിലേക്കോ ശ്രദ്ധ തിരിക്കണം. ശേഷം പിന്നെയും സ്ക്രീനിലേക്ക് തന്നെ എത്താം. ഇടയ്ക്കിടെ കണ്ണുകള്‍ ചിമ്മാനും ബോധപൂര്‍വം തന്നെ ശ്രമിക്കുക. ഇതെല്ലാം സ്ക്രീൻ സമയം നമ്മുടെ കണ്ണുകളെ ബാധിക്കുന്നത് തടയാൻ സഹായിക്കും. സ്ക്രീനില്‍ ദീര്‍ഘനേരം നോക്കിയിരുന്നതിന് ശേഷം കണ്ണിന് മതിയായ വിശ്രമം നല്കാൻ ശ്രമിക്കണം. കണ്ണടച്ച് ഇരുട്ടുള്ള സ്ഥലത്ത് ശാന്തമായി അല്പനേരം ഇരിക്കുകയോ, കിടക്കുകയോ ചെയ്യുന്നത് നല്ലതാണ്. ഈ സമയത്ത് ശബ്ദങ്ങളോ ബഹളങ്ങളോ ഇല്ലാതിരിക്കുന്നത് നല്ലതാണ്.
കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഭക്ഷണത്തിലും ശ്രദ്ധ നല്‍കാം. വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡ്സ് എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ നന്നായി കഴിക്കാം. ഇവ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പഴങ്ങളും പച്ചക്കറികളുമെല്ലാം ഡയറ്റിലുള്‍പ്പെടുത്തണം.
കണ്ണിനെ ബാധിക്കുന്ന ഏത് പ്രശ്നവും സമയത്തിന് അറിയുന്നതിനായി കൃത്യമായ ഇടവേളകളില്‍ കണ്ണ് ചെക്കപ്പ് നടത്തുന്നത് വളരെ നല്ലതാണ്. സമയത്തിന് അറിഞ്ഞാല്‍ അത്രയും സങ്കീര്‍ണതകള്‍ കുറയും.
ചിലര്‍, കണ്ണിലെ അലര്‍ജി, കണ്ണ് വരണ്ടുപോകുന്ന പ്രശ്നമെല്ലാം വച്ചുകൊണ്ടിരിക്കാറുണ്ട്. ഇങ്ങനെ ചെയ്യരുത്. കണ്ണില്‍ നനവുണ്ടാകണം. ഇതിനായി ഐ ഡ്രോപ്സ് ഉപയോഗിക്കാവുന്നതാണ്. അതിന് ഡോക്ടറുടെ നിര്‍ദേശം തേടണം. കണ്ണിന് ഏതെങ്കിലും വിധത്തിലുള്ള പ്രയാസം നേരിട്ടാല്‍ സ്വതന്ത്രമായി മെഡിക്കല്‍ സ്റ്റോറുകളില്‍ പോയി മരുന്ന് വാങ്ങി ഉപയോഗിക്കരുത്. ഈ ശീലം കൂടുതല്‍ പ്രയാസങ്ങളേ സൃഷ്ടിക്കൂ.