പാലക്കാട് : പി.വി അൻവർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ കുറിച്ച് നടത്തിയ പരാമർശം പിൻവലിക്കണമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യത്തിൽ മാറ്റമില്ലെന്നും അൻവറുമായി ബന്ധപ്പെട്ട വിഷയത്തിൽ നാളെ വൈകീട്ടോടെ തീരുമാനമുണ്ടാകുമെന്നും വിഡി സതീശൻ വ്യക്തമാക്കി. എനിക്കെതിരെയും അൻവർ ആരോപണമുന്നയിച്ചു. അത് അവിടെ കിടക്കട്ടെ, അത് പിൻവലിക്കണമെന്നുമില്ല. പക്ഷേ സ്ഥാനാർത്ഥിക്കെതിരായ പരാമർശം പിൻവലിക്കണമെന്നതിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് മുന്നണിയിൽ കയറാനുള്ള നീക്കങ്ങൾ വിജയം കാണാതായതോടെ പി.വി അൻവർ ക്യാമ്പ് പ്രതിസന്ധിയിൽ. സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂരിൽ അൻവറിന്റെ ഫ്ലെക്സ് ബോർഡുകൾ നിറക്കുകയാണ് പ്രവർത്തകർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെരഞ്ഞെടുപ്പ് മുൻനിർത്തി യുഡിഎഫിലെത്താമെന്നായിരുന്നു അൻവറിന്റെ പ്രതീക്ഷ. ആര്യാടൻ ഷൗക്കത്തിനെതിരായ പരസ്യ പ്രതികരണത്തോടെ കോൺഗ്രസ് ഇടഞ്ഞു. ലീഗ് വഴി നടത്തിയ നീക്കങ്ങൾ ലക്ഷ്യം കണ്ടില്ല. അൻവറിന്റെ സമ്മർദത്തിന് മുന്നിൽ കീഴടങ്ങേണ്ടെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചതോടെയാണ് അൻവർ വെട്ടിലായത്. ഒടുവിൽ കെ.സി. വേണുഗോപാലിനെ നേരിട്ട് കണ്ട് ചർച്ച നടത്താൻ ഇന്നലെ വൈകുന്നേരമാണ് ഒതായിയിലെ വീട്ടിൽ നിന്നും അൻവർ ഇറങ്ങിയത്. അതും പരാജയപ്പെട്ടതോടെയാണ് അൻവർ പൊതു മണ്ഡലത്തിൽ നിന്നും അപ്രത്യക്ഷമായത്.
താനും കെസി വേണുഗോപാലുമായുള്ള ചർച്ച കോൺഗ്രസ് വേണ്ടെന്ന് വച്ചത് പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായ വിഡി സതീശൻ രാജിഭീഷണി മുഴക്കിയത് കൊണ്ടാണെന്നാണ് പിവി അൻവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്.
യുഡിഎഫ് ചെയർമാന് ഗൂഢലക്ഷ്യമുണ്ട്. പിണറായിസത്തെ തകർക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ ഒതുക്കാനാണ് യുഡിഎഫ് ചെയർമാൻ ശ്രമിക്കുന്നത്. ഇനി തന്റെ പ്രതീക്ഷ നിലമ്പൂരിലെ ജനങ്ങളിലാണ്.
അൻവറിനെ ഒതുക്കേണ്ട നിലയിലേക്ക് വിഡി സതീശൻ തെരഞ്ഞെടുപ്പിനെ കൊണ്ടുപോകുന്നു. അത് തന്നെ കൊല്ലാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്. ആ ചതിക്കുഴിയിൽ വീഴാൻ താനില്ലെന്നും അൻവർ പറയുന്നു.
കുഞ്ഞാലിക്കുട്ടി ഇടപെട്ട് കെസി വേണുഗോപാൽ സമ്മതിച്ചാണ് കൂടിക്കാഴ്ചയ്ക്കായി താൻ കോഴിക്കോടെത്തിയത്.
അഞ്ച് മണി മുതൽ 7.45 വരെ താൻ കോഴിക്കോട് ടൗണിലുണ്ടായിരുന്നു. എന്നാൽ അവസാനം തിരക്കുണ്ടെന്ന് പറഞ്ഞ് കെസി വേണുഗോപാൽ പിന്മാറി. എന്നാൽ അൻവറുമായി സംസാരിച്ചാൽ താൻ രാജിവയ്ക്കുമെന്നും പറവൂരിലേക്ക് തിരികെ പോകുമെന്നും വിഡി സതീശൻ കെസി വേണുഗോപാലിനെ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് കൂടിക്കാഴ്ച നടക്കാതെ പോയതെന്നും അൻവർ ആരോപിച്ചു.