ചങ്ങനാശേരി: മാടപ്പള്ളി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ രണ്ട് പാനൽ മത്സരിച്ചതിന്റെ അലയൊലികൾ അവസാനിക്കുന്നില്ല. വിഷയം പരിഹരിക്കുന്നതിന് കെ.പി.സി.സി ഇടപെട്ടിട്ടും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രശ്നത്തിൽ കടുംപിടുത്തം തുടരുന്നതാണ് വിവാദമായിരിക്കുന്നത്. ഒരു വിഭാഗത്തിലെ ആറു പേർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയ ബ്ലോക്ക് പ്രസിഡന്റിന് എതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. ഗ്രൂപ്പിന്റെ പേരിൽ തിരഞ്ഞ് പിടിച്ച് ഒരു വിഭാഗത്തിന് എതിരെ അച്ചടക്ക നടപടിയെടുക്കാൻ തയ്യാറെടുക്കുന്ന കോൺഗ്രസ് ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് കെ.എ ജോസഫിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് പരാതി നൽകിയിരിക്കുകയാണ് ഒരു വിഭാഗം.
മാടപ്പള്ളി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പോടെയാണ് ഇവിടെ കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. ബാങ്ക് തിരഞ്ഞെടുപ്പിൽ കെ.സി ജോസഫ് നേതൃത്വം നൽകുന്ന വിഭാഗം ഏകപക്ഷീയമായി സ്ഥാനാർത്ഥി നിർണ്ണയ സമിതിയെ പ്രഖ്യാപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ഇതേ തുടർന്ന്, എതിർ വിഭാഗം തങ്ങളുടെ പാനലും പ്രഖ്യാപിച്ചു. ഇത് മാധ്യമങ്ങളിൽ അടക്കം വാർത്തയാകുകയും, രണ്ട് വിഭാഗവും പരസ്യമായി പ്രചാരണം ആരംഭിക്കുകയും ചെയ്തതോടെ കെ.പി.സി.സി , ഡി.സി.സി നേതൃത്വങ്ങൾ വിഷയത്തിൽ ഇടപെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രനും, ജനറൽ സെക്രട്ടറി എം.ജെ ജോബും അടങ്ങുന്ന രണ്ട് അംഗം അന്വേഷണ സമിതിയെ പ്രഖ്യാപിച്ചു. ഇതേ തുടർന്ന് എം.ജെ ജോബ് കോട്ടയം ഡിസിസിയിൽ ഇരുവിഭാഗത്തെയും വിളിച്ചു വരുത്തി ചർച്ച നടത്തി. എന്നാൽ, നിലവിലെ കോൺഗ്രസ് ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് കെ.എ ജോസഫും, മുൻ ബ്ലോക്ക് പ്രസിഡന്റ് ആന്റണി കുന്നുംപുറവും കെ.പി.സി.സി സമിതി മുൻപാകെ ഹാജരായെങ്കിലും തുടർചർച്ചകളുമായി സഹകരിക്കാതെ ഗ്രൂപ്പ് തീരുമാനപ്രകാരം മുന്നോട്ട് പോകുകയാണ് എന്ന് കെ.പി.സി.സി പ്രസിഡന്റിന് നൽകിയ പരാതിയിൽ പറയുന്നു.
നിലവിൽ അന്വേഷണം നടത്തുന്ന രണ്ടംഗ സമിതിയുടെ റിപ്പോർട്ട് വരും വരെ ആർക്കെതിരെയും അച്ചടക്ക നടപടി പാടില്ലെന്നാണ് കെ.പി.സി.സി നിർദേശം. എന്നാൽ, ഈ നിർദേശം ലംഘിച്ച ബ്ലോക്ക് പ്രസിഡന്റ് കെ.എ ജോസഫ് മാടപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിൻസൺ മാത്യു, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.ബിബിൻ വർഗീസ്, ഈസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി ഏത്തയ്ക്കാട്, ഈസ്റ്റ് കോൺഗ്രസ് ജനറൽ സെക്രട്ടറി ബാബു കുട്ടൻചിറ,യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ടോണി കുട്ടംപേരൂർ , യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് സന്ദീപ് എസ് എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇത് പാർട്ടി അച്ചടക്കത്തിന് എതിരായ നിലപാടാണ് എന്നും ഗ്രൂപ്പ് പ്രവർത്തനമാണ് എന്നും ആരോപിച്ചാണ് ഒരു വിഭാഗം ഇപ്പോൾ കെ.പി.സി.സി പ്രസിഡന്റിന് പരാതി നൽകിയിരിക്കുന്നത്.