വൈക്കം: വൈക്കത്ത് നിന്ന് കാണാതായ ലോട്ടറി തൊഴിലാളിയെ ഉത്തരാഖണ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം എഴുമായിൽ ശ്രീകുമാരൻ തമ്പി(52) ഗംഗാ നദിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 6 മുതൽ കാണാതായതാണ്. സുഹൃത്തുക്കൾ പരാതി നൽകിയതിനേ തുടർന്ന് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് ഉത്തരാഖണ്ഡിലെ കൊത്തുവാലി പൊലീസ് നാട്ടിലെ സുഹൃത്തിൻ്റെ നമ്പരിൽ വിളിച്ച് വിവരമറിയിച്ചത്. ഇയാൾ ധരിച്ചിരുന്ന ഷർട്ടിൻ്റെ കൈമടക്കിനുള്ളിൽ നിന്നാണ് പൊലീസിന് സുഹൃത്തിൻ്റെ ഫോൺ നമ്പർ ലഭിച്ചത്.
കച്ചേരിക്കവലക്ക് സമീപം ലൈഫ് ലൈൻ ഏജൻസീസ് എന്ന പേരിൽ ലോട്ടറി വില്പന നടത്തി വരികയായിരുന്നു. ലോട്ടറി സെല്ലേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) മണ്ഡലം ജോ. സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായിരുന്നു. ഭാര്യ ടെൽമ ലോട്ടറി തൊഴിലാളിയാണ്. മക്കൾ: ശബരി എസ്. തമ്പി, ശരണ്യ എസ്. തമ്പി. വൈക്കം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.