വൈക്കം: കരിയാറിനേയുംവേമ്പനാട്ടുകായലിനേയും കൂട്ടിയിണക്കുന്ന കെ വി കനാലിൽ മാലിന്യങ്ങളും ചെളിയും പോളപായലും പുല്ലും അടിഞ്ഞു നീരൊഴുക്കു തടസപ്പെട്ടത് വെള്ളപ്പൊക്ക ദുരിതം വർധിപ്പിക്കുന്നു.തോട്ടുവക്കം പാലത്തിന്റെ മുൻ വശത്താണ് വൻതോതിൽ മാലിന്യം അടിഞ്ഞുതിങ്ങി തോട് നികന്ന നിലയിലാണ്. തോട്ടരിൽ നിന്ന മരങ്ങളുടെ ഭാഗങ്ങളും തോട്ടിൽ വീണു കിടക്കുന്നത് നീരൊഴുക്കു തടസപ്പെടുത്തുന്നുണ്ട്.
അടിഞ്ഞുകൂടിയ ചെളിയുംമാലിന്യങ്ങളും പാലത്തിന്റെ അടിത്തട്ടിൽ വന്നുമൂടപ്പെട്ടതിനാൽ പാലത്തിന്റെ തെക്കേ അറ്റത്തുകൂടി മാത്രമാണ് വെള്ളമൊഴുകുന്നത്. നീരൊഴുക്കു തടസപ്പെടുന്നത് കാർഷിക മേഖലയിൽ ശുദ്ധജലഭ്യതയും കുറയ്ക്കുന്നു.തോട്ടിലെ നീരൊഴുക്കു തടസപ്പെട്ടത് ജലമലിനീകരണത്തിനിടയാക്കുന്നതിനാൽ സാംക്രമിക രോഗ ഭീഷണിയുണ്ടെന്ന് തോട്ടു വക്കം നിവാസികൾ ആരോപിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തോടടഞ്ഞതോടെ ചെറുവള്ളങ്ങളിൽ കായലിലും കരിയാറിലും തുഴഞ്ഞെത്തുന്ന മത്സ്യകക്ക തൊഴിലാളികളുടേയും പുല്ലു ചെത്തുതൊഴിലാളികളുടേയും സഞ്ചാരം തടസപ്പെട്ടു.കെ വി കനാലിലെ നീരൊഴുക്കു സുഗമമാക്കുന്നതിന് ഹിറ്റാച്ചി ഉപയോഗിച്ചു ആഴത്തിൽ ചെളിനീക്കണമെന്നാണ് തോട്ടുവക്കം നിവാസികളുടെ ആവശ്യം. തോടു തെളിക്കുന്നതിന് അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രദേശവാസികളേയും ബഹുജന സംഘടനകളേയും ഉൾപ്പെടുത്തി സമരപരിപാടികൾ ആരംഭിക്കുമെന്ന് കേരള കർഷകസംഘം ഭാരവാഹി ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.