വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ വൈക്കത്തഷ്ടമി ദർശനസായൂജ്യം നേടാൻ ഭക്തസഹസ്രങ്ങളെത്തി. ഇന്നലെ രാത്രി തന്നെ കുളിച്ച് വൃത ശുദ്ധിയോടെ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറു കണക്കിനാളുകൾ ബ്രാഹ്മ മുഹൂർത്തത്തിലെ അഷ്ടമി ദർശനത്തിനായി ക്ഷേത്രാങ്കണത്തിൽ എത്തിയിരുന്നു. പുലർച്ചെ3.30ന് വിശേഷാൽ പൂജകൾക്ക് ശേഷം 4.30ന് ആരംഭിക്കുന്ന അഷ്ടമി ദർശനത്തിനായി പുലർച്ചെ രണ്ടു മുതൽ ഭക്തർ നിരയിൽ ഇടം പിടിച്ചിരുന്നു. അഷ്ടമി ദർശനത്തിനായി എത്തിയവരുടെ നിര വൈക്കം ക്ഷേത്രത്തിന്റ നാലു നടകളും കഴിഞ്ഞ് ഒരു കിലോമീറ്ററിലധികം പുറത്തേക്കു നീണ്ടിരുന്നു. വൈക്കം പടിഞ്ഞാറെ നടയിൽ അന്ധകാരതോടുവരെയും വടക്കേ നടയിലെ ഭക്തരുടെ നിര വലിയ കവല വരെയും നീണ്ടു. ഭക്തരുടെ തിരക്ക് വർധിച്ചതിനാൽ പോലീസ് ബാരിക്കേടു തീർത്ത് ഭക്തരുടെ തിരക്ക് കുറച്ചാണ് ദർശനമൊരുക്കിയത്. അഷ്ടമി ദർശനത്തിനായി നേരം പുലർന്നിട്ടും ഭക്തരുടെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. വൈക്കം മഹാദേവക്ഷേത്രത്തിലെ പ്രാത ലൂട്ടിനും ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ദേവസ്വം അധികൃതർ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.