ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനായ റിട്ടയേർഡ് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 51ലക്ഷം ലക്ഷം തട്ടാൻ ശ്രമം : എസ് ബി ഐ ജീവനക്കാരുടെ ബുദ്ധിപരമായ ഇടപെടലിൽ തട്ടിപ്പ് തടഞ്ഞു

വൈക്കം: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനായ റിട്ടയേർഡ് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 51ലക്ഷം രൂപ തട്ടാനുള്ള നോർത്തിന്ത്യൻ സംഘത്തിൻ്റെനീക്കം എസ് ബി ഐ ജീവനക്കാരുടെ ബുദ്ധിപരമായ ഇടപെടൽ മൂലം വിഫലമായി. എസ്ബിഐയുടെ വൈക്കം ശാഖയിൽ വ്യാഴാഴ്ച രാവിലെ11 ഓടെയായിരുന്നു സംഭവം.വൈക്കം ടിവി പുരം സ്വദേശിയായ 60 വയസ് പിന്നിട്ട ഇടപാടുകാരൻ വടക്കേ ഇന്ത്യയിലെ ഒരു അക്കൗണ്ടിലേക്ക് 51 ലക്ഷംരൂപ ട്രാൻസ്ഫർ ചെയ്യുന്നതിന് വന്നു. കൗണ്ടറിൽ ഇരുന്ന ഹരീഷ് എന്ന ഉദ്യോഗസ്ഥന് ഇതിൽ സംശയമുണ്ടായതിനെ തുടർന്ന് ആർക്കാണ് പണം അയക്കുന്നതെന്ന് ചോദിച്ചു.മകനാണ് പണം അയക്കുന്നതെന്നാണ് അദ്ദേഹം മറുപടി നൽകിയത്.പേര് പരിശോധിച്ചപ്പോൾ ഉത്തരേന്ത്യൻ പേരിലേയ്ക്കാണ് പണം അയക്കുന്നതെന്ന് കണ്ടെത്തി.വലിയ തുക ആയതിനാൽ അക്കൗണ്ടിലെ വിവരങ്ങളുടെ കൃത്യതയ്ക്ക് ഫോണിൽ നോക്കിയപ്പോൾ വാട്ടസ്ആപ്പിൽ ദിവസങ്ങളായി ചാറ്റു നടക്കുന്നതായി കണ്ടു. ബാങ്കിൽ ചെല്ലുമ്പോൾ പണം മകനാണ് അയക്കുന്നതെന്ന് പറയണമെന്നുവരെ ചാറ്റിൽലുണ്ടായിരുന്നു. ബാങ്കിൽ ഇടപാടുകാരൻ നിൽക്കുമ്പോഴും തട്ടിപ്പ് സംഘം ഓൺലൈനിൽ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. സംശയം തോന്നി കസ്റ്റമറിനെ ഹരീഷ് ബ്രാഞ്ച് മാനേജരുമായി ബന്ധപ്പെടുത്തി തട്ടിപ്പ് സംശയിക്കുന്നതായി അറിയിച്ചു. തുടർന്ന് ബ്രാഞ്ച് മാനേജർ ഇടപാടുകാരനോട് വൈക്കം പോലീസ് സ്റ്റേഷനിൽ പോയി കാര്യങ്ങൾ വ്യക്തത വരുത്തുന്നതിനായി ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷനിൽ പോയ വിവരങ്ങൾ പറഞ്ഞപ്പോൾ ഫോൺ പരിശോധിച്ച പോലീസ് തട്ടിപ്പാണെന്നും ബാങ്കുമായി ഉടൻ ബന്ധപ്പെടാനും അറിയിച്ചു. ടി വി പുരം സ്വദേശി വർഷങ്ങളോളം ഉത്തരേന്ത്യയിലായിരുന്നു. രണ്ടാഴ്ച മുമ്പും ഇദ്ദേഹം ഉത്തരേന്ത്യയിൽ പോയിരുന്നു. ഇദ്ദേഹത്തിൻ്റെ ഫോണിലേയ്ക്ക് ഗ്രേറ്റർ മുംബെ പോലീസിൻ്റേതാണെന്ന വ്യാജേന ആധാർ കാർഡിൻ്റെ കോപ്പി അയച്ചാണ് തട്ടിപ്പുസംഘം ഭീഷണി ആരംഭിച്ചത്. ഉത്തരേന്ത്യയിലെ ഇദ്ദേഹത്തിൻ്റെ അക്കൗണ്ടിൽ വഴി ബീജിംഗിലേക്ക് അയച്ച വസ്തുകളിൽ നിരോധിച്ച വസ്തുക്കൾ ഉള്ളതിനാൽ കസ്റ്റംസ് തടഞ്ഞുവച്ചിരിക്കുകയാണെന്നും ഡിജിറ്റൽ അറസ്റ്റ് ഒഴിവാക്കാൻ വൻതുക പിഴ ഒടുക്കണമെന്നുമായിരുന്നു അറിയിപ്പ്.തുടർന്ന് നിരന്തരം ഭീഷണി തുടർന്നു. ഇതേ തുടർന്നാണ് വയോധികൻ വൈക്കത്തെ പല ബാങ്കുകളിലായി ഉണ്ടായിരുന്ന നിക്ഷേപം മുഴുവൻ പിൻവലിച്ച 51 ലക്ഷം രൂപയുമായി വൈക്കം എസ് ബി ഐ യിൽ എത്തിയത്. ബാങ്ക് ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ മൂലം ജീവിതകാലം മുഴുവൻ കൊണ്ട് സമ്പാദിച്ചതുക നഷ്ടപ്പെടാതെ കാക്കാനായതിൽ ജീവനക്കാരോട് നന്ദി പറഞ്ഞാണ് ഇടപാടുകാരൻ മടങ്ങിയത്.

Advertisements

Hot Topics

Related Articles