വൈക്കം : വൈക്കത്തെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളായ വാഴമന, കൊടിയാട്, മുട്ടുങ്കൽ, പടിഞ്ഞാറക്കര ഭാഗങ്ങളിലായി നൂറു കണക്കിനു വീടുകൾ വെള്ളക്കെട്ടിലായി. മുട്ടുങ്കൽ പടിഞ്ഞാറെക്കര ഭാഗത്തെ രേഷ്മ ഭവനിൽ രവീന്ദ്രൻ, വാഴത്തറചന്ദ്രബാബു, മണക്കൂമ്പേൽ സുരേന്ദ്രൻ, വിളയങ്ങാട്ടിൽ തുളസി,വടക്കേവാഴമനയിൽ രാജമ്മ, ചിറപ്പാട്ടുചിറ സുധർമ്മൻ, വാഴത്തറ കമലാസനൻ,കവലയിൽ കണ്ണപ്പൻ, ചിറപ്പാട്ട് ഗിരിജ, ചിറപ്പാട്ട് രാജമ്മ തുടങ്ങി ഈ ഭാഗത്തെ 40 ഓളം കുടുംബങ്ങൾ വെള്ളക്കെട്ട് ദുരിതത്തിലായി.200 ഏക്കറോളം വിസ്തൃതിയുള്ള മാനാപ്പള്ളി പാടശേഖരത്തിനുള്ളിലെ വീടുകൾക്കാണ് ദുരിതമധികവും. പാടശേഖരത്തിന്റ പുറബണ്ട് താഴ്ന്നതിനാൽ ഈ ഭാഗത്തേക്ക് വെള്ളം ഇരച്ചെത്തുന്നതിനിടയാക്കിയത്.
വീടുകളുടെ മുറ്റത്ത് മുട്ടറ്റം വെള്ളമുണ്ട്.
മഴ ഇന്ന് രാത്രി തുടരുകയും കിഴക്കൻ വെള്ളത്തിന്റ വരവ് ശക്തമായി തുടരുകയും ചെയ്താൽ ഈ കുടുംബങ്ങളെയൊക്കെമാറ്റി പാർപ്പിക്കേണ്ടിവരും.തലയാഴം പഞ്ചായത്തിൽ കരിയാറിന്റ തീരത്തുള്ള തോട്ടകം ഭാഗത്തെ വീടുകൾ വെള്ളക്കെട്ടിലായി. കരിയാറിന്റ തീരത്തുള്ള ചെമ്മനത്തുകര, മുത്തേടത്തുകാവ് ഭാഗത്തും വീടുകൾ വെള്ളപ്പൊക്കഭീഷണിയിലാണ്. വാഴമന – മുട്ടുങ്കൽ റോഡിലെ മുട്ടുങ്കൽ ഭാഗത്ത് പുഴയുമായി ബന്ധപ്പെട്ട നാട്ടുതോട് കരകവിയാറായി.