കോട്ടയം : വിനോദ സഞ്ചാര മേഖലയിൽ
ജനപങ്കാളിത്ത വികസനത്തിന്റെ പുതിയ ചരിത്രമെഴുതിയ ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതി മറവൻതുരുത്ത് ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കുന്നത് നേരിൽ കണ്ട് മനസ്സിലാക്കുന്നതിനായി
ലോക ഉത്തരവാദിത്ത ടൂറിസത്തിന്റെ പിതാവായ
ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം സ്ഥാപകനും
ലോകത്തെ ഏറ്റവും വലിയ ടൂറിസം മേളയായ വേൾഡ് ട്രാവൽ മാർക്കറ്റ് ലണ്ടന്റെയും അറേബ്യൻ – ആഫ്രിക്കൻ ട്രാവൽ മാർക്കറ്റുകളുടെയും അഡൈ്വസറുമായ
ഡോ: ഹാരോൾഡ് ഗുഡ് വിൻ ആഗസ്റ്റ് 25 ന് മറവൻതുരുത്തിൽ എത്തും.
ഉച്ചയ്ക്ക് 2.30 ന് മൂഴിക്കൽ വിജ്ഞാനപ്രദായനി വായനശാലയ്ക്ക് സമീപം എത്തുന്ന അദ്ദേഹത്തെ സംസ്ഥാന സർക്കാരിന് വേണ്ടി ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ കെ. രൂപേഷ് കുമാറും ഗ്രാമ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് കെ.ബി. രമയും ചേർന്ന് സ്വീകരിക്കും. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് സ്വീകരണം.
തുടർന്ന് തദ്ദേശ വാസികളുമായി വാട്ടർ സ്ട്രീറ്റിനരികിൽ വച്ച് സംവാദം നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിന് ശേഷം ആർട്ട് സ്ട്രീറ്റ് സന്ദർശനവും തുടർന്ന് ആറ്റ് വേലക്കടവിൽ നിന്നും ബോട്ട് യാത്രയും ഗ്രാമ പഞ്ചായത്തിലെ സന്ദർശനവും വിവിധ യൂണിറ്റുകളിലെ സന്ദർശനവും തുരുത്തുമ്മ തൂക്ക് പാലവും കളരിപ്പയറ്റ് സെന്ററും, നെയ്ത്ത് ശാലയും സന്ദർശിക്കും.
പുഴയോരം ഭക്ഷണശാലയിലെ
കലാ പരിപാടി ആസ്വദിച്ച ശേഷം വൈകിട്ടോടെ മടങ്ങും.
5 വർഷത്തിന് ശേഷമാണ് ഡോ. ഹാരോൾഡ് ഗുഡ്വിൻ ഇന്ത്യയിലെത്തുന്നത്.
ലോകത്തെ 12 രാജ്യങ്ങളുടെ സുസ്ഥിര ടൂറിസം ഉപദേശകനുമാണ് അദ്ദേഹം. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രത്യേക അഭ്യർത്ഥന പരിഗണിച്ചാണ് അദ്ദേഹം മറവൻതുരുത്തിൽ എത്തുന്നത് എന്ന് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ പറഞ്ഞു. കേരളത്തിൽ ഒരാഴ്ചക്കാലം ഉണ്ടാവുന്ന ഡോ. ഹാരോൾഡ് തുടർന്ന് മദ്ധ്യ പ്രദേശ്, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലെയും ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയ ശേഷം
സെപ്തംബർ 18 ന് ലണ്ടന് തിരിച്ച് പോകും ഡോ. ഹാരോൾഡ് ഗുഡ് വിന് ആവേശകരമായ
സ്വീകരണമാണ് മറവന്തുരുത്തിലെ ജനങ്ങൾ ഒരുക്കുന്നതെന്ന് മറവൻതുരത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. രമ പറഞ്ഞു.