വൈക്കത്തു നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം: വൈക്കത്ത് അമ്മയെ തോട്ടിലെ ചെളിയിൽ ചവിട്ടിത്താഴ്ത്തി അതിക്രൂരമായ കൊലപ്പെടുത്തിയ മകൻ പൊലീസ് സ്റ്റേഷനിലെത്തിയിട്ടും കുലുക്കമില്ലാതെ നിന്നു. അതിക്രൂരമായ രീതിയിൽ അമ്മയെ കൊലപ്പെടുത്തിയ മകൻ മദ്യ ലഹരിയിലാണോ മാനസിക രോഗത്തിലാണോ എന്ന് അറിയാതെ കുഴങ്ങുകയാണ് പൊലീസ്. ഇയാളെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയിട്ടുണ്ട്. ഇത് കൂടാതെ വിശദമായി ചോദ്യം ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ രപൊലീസ് മേധാവി ഡി.ശില്പയുടെ മേൽനോട്ടത്തിൽ വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. വൈക്കം ഉദയനാപുരം വൈക്കപ്രായർ വൈപ്പേൽ വീട്ടിൽ മന്ദാകിനി(63)യെയാണ് മകൻ ബൈജു ക്രൂരമായി കൊലപ്പെടുത്തിയത്.
ശനിയാഴ്ച ഉച്ചയക്ക് ഒന്നരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. അക്രമാസക്തനായി നിന്ന പ്രതി ബൈജു, രാവിലെ മുതൽ തന്നെ അമ്മയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. മർദനമേറ്റ് നിലവിളിച്ച അമ്മയെ വലിച്ചിഴച്ച് കൊണ്ടു പോയി ആറ്റിൽ തള്ളിയിട്ട പ്രതി, അമ്മയെ ചവിട്ടിപ്പിടിച്ച് ചെളിയിൽ താഴ്ത്തിയാണ് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരണവെപ്രാളത്തിൽ അമ്മ നിലവിളിച്ചതോടെ , ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി നോക്കിയതോടെയാണ് വെള്ളത്തിൽ അമ്മയെ ചവിട്ടിമുക്കിപ്പിടിച്ചിരിക്കുന്നത് കണ്ടത്. തുടർന്നു പൊലീസ് എത്തിയാണ് അമ്മയെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് അഞ്ചരയോടെ അമ്മയുടെ മരണം സംഭവിച്ചിരുന്നു.
അമ്മയും മകനും മാത്രമാണ് വീട്ടിലുള്ളത്. അതുകൊണ്ടു തന്നെ നാട്ടുകാരുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നില്ല. മകന്റെ ഇടപാടുകൾ എന്താണെന്നു നാട്ടുകാർക്കും അത്ര അറിവുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ വീട്ടിൽ മിക്ക ദിവസങ്ങളിലും അമ്മയും മകനും തമ്മിൽ വഴക്കായിരുന്നു. പല ദിവസങ്ങളിലും നാട്ടുകാർ ഇടപെട്ടാണ് പ്രശ്നങ്ങൾ പറഞ്ഞു തീർത്തിരുന്നത്. ഇതിനിടെയാണ് ഇപ്പോൾ അപ്രതീക്ഷിതമായി അമ്മയെ മകൻ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ സ്ഥലത്തു നിന്നു തന്നെ വൈക്കം പൊലീസ് മകനെ കസ്റ്റഡിയിൽ എടുത്തിരുന്നു.
തുടർന്നു പൊലീസ് സംഘം മകനെ ചോദ്യം ചെയ്തെങ്കിലും കൃത്യമായ മറുപടികൾ ഒന്നും ലഭിച്ചിട്ടില്ല. ഇയാൾ മദ്യത്തിന്റെ ലഹരിയിലാണ് എന്നാണ് ലഭിക്കുന്ന സൂചന. അമ്മ മരിച്ച വിവരം പോലും ഇയാൾക്ക് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. ഇയാൾ സ്ഥിരമായി മദ്യലഹരിയിലാണ് എന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ടു തന്നെ ഒരു സമയത്ത് പോലും സ്വബോധത്തിൽ ഉണ്ടാകാറുമില്ല. ഈ സാഹചര്യത്തിൽ ഇന്നു വീണ്ടും ചോദ്യം ചെയ്ത് മരണകാരണം കണ്ടെത്തുന്നതിനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.