വൈക്കം : തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ പാടത്തേക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറും ഒപ്പമുണ്ടായിരുന്നവരും രക്ഷപെട്ടത് അത്ഭുതകരമായി. എറണാകുളം സ്വദേശിയായഡ്രൈവറടക്കം മൂന്ന് പേർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടുത്. കോട്ടയം – എറണാകുളം റോഡിൽ വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംഗ്ഷനു സമീപമായിരുന്നു അപകടം. വെള്ളിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു അപകടം സംഭവിച്ചത്.
കോട്ടയത്ത് നിന്നും വേസ്റ്റ് പേപ്പർ കയറ്റി ലോറി എറണാകുളത്തേക്ക് പോകുകയായിരുന്നു. വളവിനുസമീപം എതിരെ വന്ന വാഹനത്തിലിടിക്കാതിരിക്കാൻ ലോറി വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് റോഡരികിലെ സുരക്ഷാവേലിയും വൈദ്യുത പോസ്റ്റും തകർന്നു. അപകടം കണ്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് ലോറിയിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. വൈദ്യുത പോസ്റ്റ് തകർന്നതിനെ തുടർന്ന് വെട്ടിക്കാട്ട്മുക്ക്, വടകര ഭാഗത്തെ വൈദ്യുതി ബന്ധംവിച്ഛേദിക്കപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടങ്ങൾ പതിവാകുന്ന ഈ ഭാഗത്ത് ഏതാനും മാസങ്ങൾക്ക് മുമ്പ് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് 30 പേർക്ക് പരിക്കേറ്റിരുന്നു.ഒരു വർഷത്തിനിടയിൽ 20തോളം അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. കഴിഞ്ഞ ദിവസം സ്വകാര്യ ബസുംകെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റിരുന്നു. അപകടങ്ങൾ പതിവാകുന്നത് കണക്കിലെടുത്ത് ഗതാഗതംസുരക്ഷിതമാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.