കോട്ടയം : വാകത്താനത്ത് വാഹനം തടഞ്ഞ് നിർത്തി സഹോദരന്മാരെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ പുത്തൻ ചന്ത സ്വദ്ദേശികളായ നാലു പേർക്കെതിരെ കേസെടുത്ത് പൊലീസ്. വാകത്താനം വഴുതക്കുന്നേൽ ഡിജി മർക്കോസ് , കർണ്ണാടക ഷിമോഗയിൽ താമസിക്കുന്ന വഴുതനക്കുന്നേൽ തോമസ് സി രഞ്ചി , പുത്തൻചന്ത സ്വദേശി ഷിബു സി നൈനാൻ , ഇവരുടെ ബന്ധുവായ സ്ത്രീ എന്നിവർക്കെതിരെയാണ് വാകത്താനം പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ജനുവരി ആദ്യമായിരുന്നു കേസിനാസ്പദമായ സംഭവം. വാകത്താനം സ്വദേശികളായ സഹോദരന്മാർ ജോലി സംബന്ധമായ കാര്യങ്ങൾക്കായി പോകുന്നതിനിടെ അക്രമി സംഘം വാഹനം തടഞ്ഞ് നിർത്തി ആക്രമണം നടത്തുകയും , കവർച്ച ചെയ്യുകയുമായിരുന്നു. ഇവർ വന്ന വാഹനം റോഡിൽ മാർഗതടസമുണ്ടാക്കി തടഞ്ഞ ശേഷം, പുറത്തിറക്കി പ്രതികൾ ആക്രമണം നടത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അസഭ്യം വിളിച്ച് ഭീഷണി മുഴക്കിയെത്തിയ അക്രമി സംഘം ഇവരെ കയ്യേറ്റം ചെയ്യുകയും കയ്യിൽ കിടന്ന രണ്ടു പവൻ വരുന്ന സ്വർണ ചെയിൻ വലിച്ച് പൊട്ടിച്ചെടുക്കുകയുമായിരുന്നു. ആക്രമണത്തിൽ സഹോദരന്മാർക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതിന് ശേഷം വാകത്താനം പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. ഇതേ തുടർന്ന് സഹോദരന്മാർ ചങ്ങനാശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സി എം പി ഫയൽ ചെയ്യുകയായിരുന്നു. വാദം കേട്ട കോടതി പ്രതികൾക്ക് എതിരെ കേസെടുക്കാനും വിശദമായി അന്വേഷണം നടത്താനും വാകത്താനം പോലീസിന് നിർദ്ദേശം നൽകി.
ഇതിൻറെ അടിസ്ഥാനത്തിലാണ് വാകത്താനം പോലീസ് പ്രതികൾക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കിയത്. തുടർന്ന് അന്വേഷണം നടത്തി വാകത്താനം പൊലീസ് തുടർ നടപടികൾ സ്വീകരിക്കും. കേസിലെ പ്രതികളായ രണ്ടുപേർ മുൻപ് സ്ത്രീ പീഡനത്തിനും, തട്ടിപ്പിനും, സമൂഹമാധ്യമങ്ങളിലൂടെ ബിഷപ്പിനെ അപകീർത്തിപ്പെടുത്തിയതിനും കേസിൽ പ്രതിയാക്കപ്പെട്ടവരാണ്. ഇത് കൂടാതെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലും, സ്വകാര്യ സ്ഥാപനത്തിൻറെ പേരും സാമൂഹിക മാധ്യമ അക്കൗണ്ടുകളും ദുരുപയോഗം ചെയ്തതിനും ഇരുവരും നിലവിൽ അന്വേഷണം നേരിടുകയാണ്.