വനനിയമ ഭേദഗതി ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്ന് ജോസ് കെ. മാണി

കോട്ടയം : വന നിയമ ഭേദഗതി സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ് (എം) ഉന്നയിച്ച ആവശ്യങ്ങളും ആശങ്കകളും ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായി ചെയര്‍മാന്‍ ജോസ് കെ. മാണി പറഞ്ഞു. കര്‍ഷകരെയും മലയോര ജനതയേയും ദോഷകരമായി ബാധിക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും ജോസ് കെ. മാണി വ്യക്തമാക്കി. വനനിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള നിവേദക സംഘം മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍കണ്ടതിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തരമായുണ്ടാകുന്ന വന്യജീവി സംഘര്‍ഷത്താല്‍ പോറുതിമുട്ടുന്ന കേരളത്തിലെ വനാതിര്‍ത്തി പങ്കിടുന്ന 430 പഞ്ചായത്തുകളിലെ ഒരു കോടി 30 ലക്ഷം ജനങ്ങളെ സാരമായി ബാധിക്കുന്നതാണ് പ്രസ്തുത നിയമഭേദഗതി സംബന്ധിച്ച കരട് വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍. വനപാലകര്‍ അറസ്റ്റ് ചെയ്യുന്നവരെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുന്നതിനുള്ള സമയപരിധി എത്രവേണമെങ്കിലും നീട്ടി നല്‍കുന്ന 63-ാം വകുപ്പ് ഭേദഗതി, സംശയത്തിന്‍റെ പേരില്‍ വനത്തില്‍ നിന്നു ആരെയും അറസ്റ്റ് ചെയ്യാന്‍ നിലവിലുള്ള നിയമത്തില്‍ ഡി.എഫ്.ഒ മാര്‍ക്കുള്ള അധികാരം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് വരെ കൈമാറാനുള്ള ഭേദഗതി, സെക്ഷന്‍ 27, 62 വകുപ്പുകള്‍ പ്രകാരം വനാതിര്‍ത്തി നിശ്ചയിക്കുന്ന ജണ്ടയിലെ ഒരു കല്ലിളകി വീണാല്‍പോലും പ്രദേശവാസികളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം, സെക്ഷന്‍ 2 (ബി.എ) പ്രകാരം കേരളത്തിലെ പുഴകളില്‍ എവിടെ നിന്നും മീന്‍പിടിക്കാന്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം, സെക്ഷന്‍ (52) പ്രകാരം കുറ്റത്തിലേര്‍പ്പെട്ടുവെന്ന് സംശയിക്കപ്പെടുന്ന ആളിന്‍റെ വീട്, വാഹനം, സ്ഥലം എന്നിവ വാറണ്ടില്ലാതെ പരിശോധിക്കാന്‍ വനംവകുപ്പുദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്ന നിര്‍ദ്ദേശം, തെറ്റായി അറസ്റ്റോ, കേസെടുക്കലോ ഉണ്ടായെന്ന് ബോദ്ധ്യപ്പെട്ടാല്‍ ഉത്തരവാദിത്വമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥന് ആറു മാസം തടവും പിഴയും ചുമത്താമെന്ന നിലവിലെ നിയമം റദ്ദു ചെയ്യുന്ന ഭേദഗതി തുടങ്ങിയതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടത്. വന്യജീവി ആക്രമണത്തില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും കൃഷിനാശം സംഭവിക്കുകയും, മലയോരമേഖലയില്‍ സ്വൈരജീവിതം ബുദ്ധിമുട്ടിലാവുകയും ചെയ്യുന്നതില്‍ നിന്ന് കേരളത്തിലെ കര്‍ഷകരെ സംരക്ഷിക്കാനുള്ള നടപടികളാണ് വേണ്ടതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുമായുള്ള കൂടീക്കാഴ്ച നാല്‍പ്പത്തഞ്ച് മിനിറ്റോളം നീണ്ടു. ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി.ക്കൊപ്പം ഗവണ്‍മെന്‍മെന്‍റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എം.എല്‍.എ മാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറി ഡോ. സ്റ്റീഫന്‍ ജോര്‍ജ്ജ് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.