വൈക്കം: മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ടിന്റെ ഭാഗമായി ദേശതാലപ്പൊലി ഭക്തിസാന്ദ്രമായി. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ഉദയനാപുരം മഹാദേവക്ഷേത്രത്തിൽ നിന്നും ദേശതാലപ്പൊലി ആരംഭിച്ചത്. പൂത്താലവും കൈകളിലേന്തി ബാലികമാരും, വീട്ടമ്മമാരും യുവതികളും അടങ്ങുന്നവർ താലപ്പൊലിയിൽ അണിനിരന്നു. വൈക്കം മഹാദേവക്ഷേത്രത്തിൽ പൂത്താലവുമായി താലപ്പൊലി എത്തിയപ്പോൾ, കോടി അർച്ചന വടക്കുപുറത്ത് പാട്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.സുധീഷ്‌കുമാർ , ജനറൽ സെക്രട്ടറി പി.സുനിൽകുമാർ എന്നിവരും എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും ചേർന്ന് താലപ്പൊലിയെ സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിന്റെ തെക്ക്ഭാഗത്ത് കുടികൊള്ളുന്ന പനച്ചിക്കൽ ഭഗവതിയുടെ മുന്നിൽ പൂത്താലങ്ങൾ അർപ്പിച്ചു പ്രാർത്ഥിച്ചു. തുടർന്ന്, ഇവിടെ നിന്നും വീണ്ടും പൂത്താലങ്ങൾ നിറച്ച ശേഷം മൂത്തേടത്ത് കാവിലേയ്ക്ക് എഴുന്നൈള്ളിച്ചു. രാത്രി എട്ടു മണിയോടെ മൂത്തേടത്ത് കാവിൽ താലപ്പൊലി അവസാനിച്ചു. വരും ദിവസങ്ങളിലും വിവിധ ദേശങ്ങളുടെ അടക്കം താലപ്പൊലികൾ ക്ഷേത്രത്തിൽ നടക്കും.

