കാഞ്ഞിരപ്പള്ളി : ഓണത്തിന് മുന്നോടിയായാ വ്യാജമദ്യ നിർമ്മാണവും വിപണനവും തടയാനുള്ള എക്സൈസിന്റെ മിന്നൽ പരിശോധനയിൽ 35 ലിറ്റർ കോടയും ഒരു ലിറ്റർ വാറ്റും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. കാഞ്ഞിരപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ രാഗേഷ് ബി ചിറയത്തിന്റെ നേതൃത്വത്തിൽ പൊൻകുന്നം എക്സൈസ് സർക്കിൾ പാർട്ടിയും കാഞ്ഞിരപ്പള്ളി റേഞ്ച് പാർട്ടിയും സംയുക്തമായാണ് പരിശോധന നടത്തിയത്.
കൂട്ടിക്കൽ, എന്തായാർ, ഇളംകാട് ഭാഗങ്ങളിൽ നടത്തിയ സംയുക്ത പരിശോധനയിൽ കൂട്ടിക്കൽ വില്ലേജിൽ, ഇളംകാട് കരയിൽ, ഇളംകാട് – വാഗമൺ റോഡിൽ വല്യന്ത ഭദ്രകാളീ ക്ഷേത്രം ജംഗ് ഷനിനു സമീപത്ത് നിന്നാണ് 35 ലിറ്റർ കോടയും, ഒരു ലിറ്റർ വാറ്റ് ചാരായവും, വാറ്റുപകരണവും ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയത്.പ്രാഥമിക അന്വേഷണത്തിൽ പ്രതി ആരെന്ന് കണ്ടെത്തിയില്ല. പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടറോടൊപ്പം പൊൻകുന്നം എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) റ്റോജോ. റ്റി. ഞള്ളിയിൽ, സിവിൽ എക്സൈസ് ഓഫീസർ വികാസ്. എസ്, കാഞ്ഞിരപ്പള്ളി റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസറും,കമ്മീഷണർ സ്ക്വാഡ് അംഗവുമായ കെ. എൻ സുരേഷ്‌കുമാർ, പൊൻകുന്നം എക്സൈസ് ഓഫീസിലെ ഡ്രൈവർ എം. കെ മുരളീധരൻ എന്നിവർ പങ്കെടുത്തു.