കോട്ടയം വട്ടമ്മൂട് പാലത്തിനു സമീപം നട്ടാശേരിയിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സംക്രാന്തിയിൽ വാടകയ്ക്ക് താമസിക്കുന്ന ബിജെപി നേതാവിനെ; മൃതദേഹം തിരിച്ചറിഞ്ഞത് പ്രദേശത്ത് നിന്ന് ലൈസൻസ് ലഭിച്ചതോടെ; പത്ത് ദിവസമായി ഇദ്ദേഹത്തെ കാണാനില്ലെന്ന് വീട്ടുകാർ

കോട്ടയം: വട്ടമ്മൂട് പാലത്തിനു സമീപം റോഡരികിലെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ബിജെപി നേതാവിനെ. ബിജെപി നേതാവും സംക്രാന്തിയിൽ വാടകയ്ക്ക് താമസിക്കുന്ന ആളുമായ തിരുനക്കര അനശ്വര തീയറ്ററിനു സമീപം വെൺപറമ്പിൽ വീട്ടിൽ നാസർ റാവുത്തറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നട്ടാശേരിയിൽ റോഡരികിലെ കുഴിയിൽ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രദേശത്ത് പൊലീസും ബിജെപി പ്രവർത്തകരും തിരച്ചിൽ നടത്തിയത്. തുടർന്നാണ് ഇവിടെ നിന്നും ഇദ്ദേഹത്തിന്റെ ലൈസൻസ് ലഭിച്ചത്. ഈ ലൈസൻസ് ലഭിച്ചതോടെയാണ് മരിച്ചത് നാസർ തന്നെയാണ് എന്ന് ഉറപ്പിച്ചത്. തിരുനക്കര അനശ്വര തീയറ്ററിനു സമീപം താമസിച്ചിരുന്ന ഇദ്ദേഹം നിലവിൽ സംക്രാന്തിയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പത്തു ദിവസമായി ഇദ്ദേഹത്തെ കാണാനില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ, ഇതു സംബന്ധിച്ചു ഇനിയും പൊലീസിൽ പരാതി നൽകിയിട്ടില്ല. ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിയാണ് നാസർ. ന്യൂനപക്ഷ മോർച്ച സംസ്ഥാന സമിതി അംഗം, ബിജെപി കോട്ടയം ടൗൺ പ്രസിഡന്റ് മുനിസിപ്പൽ പ്രസിഡന്റ് മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വർഷമായി ബിജെപിയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ : ബീന. മകൻ : ഖനീഫ നാസർ.

Advertisements

Hot Topics

Related Articles