കോട്ടയം: ഭർത്താവിനെ വീഡിയോ കോൾ വിളിച്ച ശേഷം, കുട്ടിയെ ഉറക്കുന്ന തൊട്ടിലിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ രണ്ടു വർഷത്തിന് ശേഷം ഭർത്താവ് അറസ്റ്റിൽ. മുണ്ടക്കയം ഇളംകാട് ടോപ്പിൽ കൂവളത്ത് മനീഷ മരിച്ച സംഭവത്തിലാണ് കോഴിക്കോട് സ്വദേശിയായ ഭർത്താവ് അറസ്റ്റിലായത്. ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നു കാട്ടി ബന്ധുക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്നു കോടതിയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഭർത്താവിനെതിരെ കേസെടുത്ത് അന്വേഷണം നടത്തി അറസ്റ്റ് ചെയ്തത്. കോഴിക്കോട് പയ്യോളി കോപ്പിച്ചലിൽ നാസറിനെയാണ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി കെ.ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
രണ്ടു വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് ഭർത്താവിന്റെ വീട്ടിലെ പീഡനത്തെ തുടർന്നാണ് പെൺകുട്ടി വീട്ടിലെത്തിയത്. തുടർന്ന്, ഇവിടെ വച്ച് ഭർത്താവിനെ വീഡിയോ കോൾ വിളിച്ച ശേഷം കുട്ടിയെ ഉറക്കുന്ന തൊട്ടിലിൽ തൂങ്ങി മരിക്കുകയായിരുന്നു. തുടർന്ന് പൊലീസ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം പൊലീസ് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു.