ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ റിയാലിറ്റി ഷോ താരവും ഫാഷൻ ഇൻഫ്ലുവൻസറുമായ ജാസ്മിൻ ജാഫർ പൊതുവേദിയിൽ ക്ഷമ ചോദിച്ചു. ക്ഷേത്രത്തിൽ ചിത്രീകരിച്ച റീൽസ് ജാസ്മിൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.”എന്നെ സ്നേഹിക്കുന്നവർക്കും മറ്റുള്ളവർക്കും എന്റെ വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസ്സിലാക്കുന്നു.
ആരെയും വേദനിപ്പിക്കാനോ പ്രശ്നങ്ങൾ സൃഷ്ടിക്കാനോ ചെയ്തതല്ല. അറിവില്ലായ്മ മൂലമാണ് സംഭവിച്ചത്. എന്റെ ഭാഗത്ത് നിന്ന് ഉണ്ടായ തെറ്റിനായി എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു” ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ജാസ്മിൻ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ മുൻകൂർ അനുമതിയില്ലാതെ വിഡിയോ ചിത്രീകരിച്ച സംഭവത്തിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. മൂന്ന് ദിവസം മുമ്പ് കുളത്തിൽ കാൽ കഴുകുന്ന വീഡിയോയാണ് ജാസ്മിൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ക്ഷേത്രക്കുളം പുണ്യസ്ഥലത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നതിനാൽ അനുമതിയില്ലാതെ ചിത്രീകരണം നടത്തുന്നത് നിരോധിതമാണെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.അതേസമയം, വീഡിയോ നീക്കം ചെയ്യുന്നതിന് മുൻപ് 2.6 മില്യൺ പേർ അത് കണ്ടിരുന്നു. കമന്റ് ചെയ്യാവുന്നവർക്ക് പരിധിയേർപ്പെടുത്തി മാത്രമാണ് വീഡിയോ പങ്കുവച്ചിരുന്നത്. എട്ട് ലക്ഷത്തോളം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സും, 1.5 മില്യൺ യൂട്യൂബ് സബ്സ്ക്രൈബേഴ്സും ജാസ്മിനുണ്ട്
.ഗുരുവായൂർ ക്ഷേത്രത്തിൽ ഇതാദ്യമായല്ല വിവാദ വിഡിയോ ചിത്രീകരണം നടക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ കിഴക്കേനടയിലെ ഭണ്ഡാരത്തിനു മുകളിലെ കൃഷ്ണവിഗ്രഹത്തിൽ മാല ചാർത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചതിനെ തുടർന്ന് ജസ്ന സലീമിനെതിരെ കേസെടുത്തിരുന്നു. അതിന് മുമ്പും നടപ്പുരയിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെട്ട്, മതചടങ്ങുകളോ വിവാഹങ്ങളോ ഒഴികെ നടപ്പുരയിൽ വിഡിയോ ചിത്രീകരണം നിരോധിച്ചിരുന്നു.