കോട്ടയം:മൂന്നിലവിൽ സാമ്പത്തിക തിരിമറി നടത്തിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വി.ഇ.ഒ.) പഞ്ചായത്തോഫീസിൽ ഒരു ജീവനക്കാരിയെ സ്വന്തം താത്പര്യപ്രകാരം നിയമിച്ചിട്ടും അധികൃതർ അറിഞ്ഞില്ല. ഒന്നരവർഷത്തിലേറെ ജോലിചെയ്ത ഇവർ വി.ഇ.ഒ. സസ്പെൻഷനിലായപ്പോൾ സ്വയം ജോലി മതിയാക്കി.
വിദഗ്ധ തൊഴിലാളി പട്ടികയിലുള്ള സ്ത്രീയാണ് 2021 മാർച്ചുവരെ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ ജോലിചെയ്തത്. ഇത്രയും കാലം ഒരാൾ അനധികൃതമായി ജോലിചെയ്തത് പഞ്ചായത്ത് ഭരണസമിതിയോ സെക്രട്ടറിയോ ചോദ്യംചെയ്തില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയിൽ 67 ലക്ഷം രൂപ ക്രമക്കേട് നടത്തിയ വി.ഇ.ഒ. കെ.ജോൺസൺ ജോർജായിരുന്നു തൊഴിലുറപ്പിന്റെയും ചാർജ് ഓഫീസർ. ലൈഫിലെ തട്ടിപ്പ് പുറത്തായപ്പോൾ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനംകൂടി പ്രത്യേകം ഓഡിറ്റ് ചെയ്യണമെന്ന് പഞ്ചായത്ത് സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് ആവശ്യപ്പെട്ടു. ഇതിലാണ് വി.ഇ.ഒ. നടത്തിയ അനധികൃത നിയമനവും മറ്റ് ക്രമക്കേടുകളും കണ്ടെത്തിയത്. ഓഫീസിലുള്ള സമയത്തും ഈ ജീവനക്കാരി തൊഴിലുറപ്പ് പദ്ധതി മസ്റ്റർ റോളുകളിലും ഉൾപ്പെട്ട് അതിന്റെ വേതനവും കൈപ്പറ്റി. കൂടാതെ, വ്യക്തിഗത ആസ്തികൾ സൃഷ്ടിക്കുന്ന പദ്ധതികളിൽനിന്ന് വിദഗ്ധ തൊഴിലാളിയുടെ വേതനം കൈപ്പറ്റിയിരുന്നതായി ഇവരുടെ തൊഴിൽ കാർഡ് പ്രകാരമുള്ള രേഖകളിലുണ്ടെന്ന് ഓഡിറ്റ് കണ്ടെത്തി. ഇതിൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്ന് ഓഡിറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
ജോൺസൺ ജോർജ് ചുമതലക്കാരനായിരുന്ന 2019-20, 2020-21 വർഷത്തെ ഫയലുകളോ രജിസ്റ്ററുകളോ, കംപ്യൂട്ടറിൽനിന്നുള്ള വിവരങ്ങളോ പഞ്ചായത്തിൽ ലഭ്യമല്ല. 2021 ഒക്ടോബർ 16-നുണ്ടായ വെള്ളപ്പൊക്കത്തിൽ രേഖകളെല്ലാം നഷ്ടപ്പെട്ടെന്നാണ് വി.ഇ.ഒ. മേലധികാരിക്ക് റിപ്പോർട്ടുചെയ്തിട്ടുള്ളത്. അതിൽ തൊഴിലുറപ്പ് പദ്ധതിയിൽ കൈമാറിയ തുക, ഗുണഭോക്താക്കൾക്ക് ലഭിച്ചിട്ടുണ്ടോ എന്നകാര്യവും കണ്ടെത്താനായിട്ടില്ല. പലരും തുക കിട്ടിയില്ലെന്ന് ഓഡിറ്റ് സംഘത്തിന്റെ തെളിവെടുപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ലൈഫ് പദ്ധതിയുടെ ഫയലുകളും ഇത്തരത്തിൽ നഷ്ടമായെന്നാണ് വി.ഇ.ഒ. പറഞ്ഞിരുന്നത്.
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 2019-20, 2020-21 വർഷങ്ങളിൽ തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോർട്ട് ഓൺലൈനിലും ലഭ്യമല്ല. സെക്യുർ എന്ന സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യാതിരുന്നതാണ് രേഖകൾ കംപ്യൂട്ടറിൽനിന്ന് നഷ്ടമാകാൻ കാരണം. എല്ലാവർഷവും ഏപ്രിൽമാസത്തിലാണ് സെക്യുർ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുന്നത്. അതിനുതലേ മാസം, രേഖകൾ പ്രിന്റെടുത്ത് സൂക്ഷിക്കണമെന്നാണ് ചട്ടം. ഇതുചെയ്യാതിരുന്നതോടെ പ്രധാന രേഖകളെല്ലാം നഷ്ടമായി. തെളിവുകൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് മനഃപൂർവം വീഴ്ച വരുത്തുകയായിരുന്നെന്നാണ് നിഗമനം.