തിരുവനന്തപുരം : കേരള സംസ്ഥാന എക്സൈസ് വകുപ്പ് തിരുവനന്തപുരം ജില്ലാ വിമുക്തിമിഷൻ , കേരള ലോ ആകാഡമി, കിംസ് ഹെൽത്ത്, പ്രസ്സ് ക്ലബ് എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ ആയിരത്തി അഞ്ഞൂറോളം സ്കൂൾ വിദ്യാർഥികളെ ഉൾകൊള്ളിച്ചുകൊണ്ട് കനകകുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ വെച്ച് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. പ്രശസ്ത മജിഷ്യനും സെലിബ്രിറ്റി യുണിസെഫ് സപ്പോർട്ടറും കേരള ബാലാവകാശ സംരക്ഷണ കമ്മീഷൻ അംബാസഡറുമായ ഗോപിനാഥ് മുതുകാട് പരിപാടി ഉദ്ഘാടനം ചെയ്തു. കിംസ് ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ ഡോ. എം ഐ സഹദുള്ള അധ്യക്ഷത വഹിച്ചു. അസി.എക്സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മാനേജറും ആയ അജയ് കെ ആർ സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം പ്രസ്സ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണൻ ആശംസ അറിയിച്ചു. കേരള ലോ അക്കാഡമി പ്രിൻസിപ്പൽ പ്രൊഫ. ഹരീന്ദ്രൻ നന്ദി രേഖപെടുത്തി. രാവിലെ 8:30 നു രജിസ്ട്രേഷൻ ആരംഭിച്ച പരിപാടി മൂന്ന് വിഭാഗങ്ങളിലായിട്ടാണ് സംഘടിപ്പിച്ചിരുന്നത്. നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ക്രയോൺസും അഞ്ച് മുതൽ എട്ടാം ക്ലാസ് വരെ കളർ പെൻസിൽ വിഭാഗത്തിലും ഒൻപത് മുതൽ പ്ലസ് ടൂ വരെ വാട്ടർ കളർ വിഭാഗത്തിലുമായിട്ടാണ് വിദ്യാർഥികൾ മത്സരിച്ചത്. മത്സരത്തിന് മുന്നോടിയായി തിരുവനന്തപുരം തൈക്കാട് സ്കൂളിലെ വിദ്യാർഥികളുടെ മ്യൂസിക് ബാൻഡ് ആയ മോഡൽ ഫ്രറ്റ്സിന്റെ ഗാനമേളയും കമലേശ്വരം സ്കൂളിൽ നിന്നുള്ള ബാൻഡ് മേളവും സംഘടിപ്പിച്ചു. ചിത്ര രചനാ മത്സരം നടക്കുന്ന സമയം മാതാപിതാക്കൾക്കായി നിയമാവബോധ ക്ലാസ് കേരള ലോ ആകാഡമി അസി. പ്രൊഫ ബിനു പി എം നയിച്ചു. ആയിരത്തി അഞ്ഞൂറോളംവിദ്യാർഥികൾ പങ്കെടുത്ത മെഗാ ചിത്ര രചനാ മത്സരം കൃത്യതയോടെ നടത്തിപ്പിനായി ലോ ആകാഡമി വിദ്യാർഥികൾ, ഇഗ്നോ എം എസ് ഡബ്ല്യൂ എക്സൈസ് ഇന്റെൺ വിദ്യാർഥികൾ എന്നിവർ വോലാന്റിയർ ആയി പ്രവർത്തിച്ചു. രണ്ടു മണിക്കൂർ നീണ്ടു നിന്ന മത്സരത്തിൽ വിദ്യാർഥികൾ വിവിധ തരം ചിത്രങ്ങൾ വരയ്ക്കുകയും സെരിക്കും നിശാഗന്ധി ഹാൾ നിറങ്ങളുടെ ഉത്സവപറമ്പായി മാറുകയായിരുന്നു. തിരുവനന്തപുരം ഫൈൻ ആർട്ട്‌സ് കോളേജ് അധ്യാപർ അടങ്ങുന്ന പാനൽ ആയിരിക്കും വിജയികളെ തീരുമാനിക്കുക, വിജയികൾക്ക് യഥാക്രമം 5000,4000,3000 എന്നിങ്ങനെ സമ്മാനത്തുകയും ട്രോഫിയും സമാശ്വാസ സമ്മാനമായി ഇരുപത്തഞ്ച്പേർക്ക് 1000 രൂപ വീതവും നൽകും. കൃത്യമായ വിലയിരുത്തലിനു ശേഷം വിജയികളെ ദൃശ്യ മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നതും തീരുമാനിക്കുന്ന വേദിയിൽ സമ്മാനദാനം നിർവഹിക്കുകയും ചെയ്യും.