കോട്ടയം; സംസ്ഥാന സർക്കാരിന്റെ വിഷുക്കൈ നീട്ടമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ ക്യു ആർ കോഡും ലിങ്കും പ്രചരിക്കുന്നു. മലയാളികൾക്ക് എന്റെ വക വിഷുകൈനീട്ടം എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും , ക്യു ആർ കോഡും ലിങ്കും സഹിതമാണ് ചിത്രം പ്രചരിക്കുന്നത്. എന്നാൽ, ഈ ക്യു ആർ കോഡും ലിങ്കും തുറന്ന് പരിശോധിക്കുമ്പോഴാണ് സർക്കാരിന് എതിരായ കടുത്ത വിമർശനമാണ് എന്നു വ്യക്തമാകുന്നത്. ഇന്നു രാവിലെ മുതലാണ് സോഷ്യൽ മീഡിയയിൽ ഈ ലിങ്കും, ക്യുആർ കോഡും വ്യാപകമായി ഷെയർ ചെയ്യുന്നത്. സർക്കാർ വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായാണ് ഇത്തരത്തിൽ ലിങ്ക് ഷെയർ ചെയ്യപ്പെടുന്നത് എന്നാണ് മനസിലാകുന്നത്. കോൺഗ്രസാണോ , ബിജെപിയാണോ മറ്റേതെങ്കിലും പ്രതിപക്ഷ പാർട്ടികളാണോ ഇത്തരത്തിലുള്ള പ്രചാരണത്തിന് പിന്നിലെന്ന് ഏതായാലും വ്യക്തമല്ല. എന്തായാലും ഈ ക്യുആർ കോഡും ലിങ്കും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിട്ടുണ്ട്.
