കോട്ടയം : ഇന്ത്യൻ പാർലമെൻറ് അംഗീകരിച്ചതും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനാഘോഷ വേളയിൽ പ്രഖ്യാപിച്ചതുമായ വിശ്വകർമ്മ സമ്മാനപദ്ധതി അഖില കേരള വിശ്വകർമ്മ മഹാസഭ ഏറ്റെടുത്ത് കേരളത്തിൽ തെക്കുമുതൽ വടക്കു വരെയുള്ള സഭയുടെ ആയിരക്കണക്കിന് ശാഖകളിലൂടെ നടപ്പാക്കുമെന്ന് അഖിലകേരള വിശ്വകർമ്മ മഹാസഭ ഉന്നത അധികാര സമിതി ചെയർമാൻ എം. വി രാജഗോപാലും ജനറൽ കൺവീനർ ടി. കെ സോമശേഖരനും പ്രസ്താവിച്ചു .ഇത് നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാരിൻെറ എല്ലാ വിധ പിന്തുണയും നേതാക്കൾ അഭ്യർത്ഥിച്ചു.
രാജ്യത്തെ പഞ്ചശില്പി വിശ്വകർമ്മ ആർട്ടിസാൻസുകളുടെ കഴിവ് കണ്ടറിഞ്ഞ് അത് പരിപോഷിപ്പിക്കുന്നതിന് വിപുലമായ പദ്ധതികളാണ് സർക്കാർ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വരുംകാലത്ത് രാജ്യത്തിന് അസംഖ്യം വിദേശ നാണ്യം നേടിയെടുക്കത്തക്കവിധം വിശ്വകർമ്മ തൊഴിലാളികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കേണ്ട തായിട്ടുണ്ട്. ഈ രംഗത്തെ വിദഗ്ധരായ പരമ്പരാഗത ആർട്ടിസാൻസുകളുടെ സേവനം സഭ പ്രയോജനപ്പെടുത്തും. ഓരോ വിശ്വകർമ്മ ഭവനവും ഒരു ഉൽപാദക കേന്ദ്രമാക്കി മാറ്റുന്നതിന് ആവശ്യമായ കർമ്മ പദ്ധതി ആവിഷ്കരിക്കും. വിശ്വകർമ്മ തൊഴിലാളികളുടെ സർഗ്ഗ ശക്തിയെ പരിപോഷിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയെ നേതാക്കൾ അഭിനന്ദിച്ചു.