തിരുവനന്തപുരം: വസ്തുവിന്റെ രേഖ തിരുത്തി മറ്റൊരാളുടെ പേരിലാക്കിയതു കണ്ടെത്താൻ നൽകിയ വിവരാവകാശ അപേക്ഷയിൽ മറുപടി ആവശ്യപ്പെട്ട അപേക്ഷകനോട് ‘ എന്നാ താൻ കേസു കൊടുക്കാൻ’ വില്ലേജ് ഓഫിസറുടെ മറുപടി. അപേക്ഷയിൽ മാസങ്ങളോളമായി മറുപടി നൽകാതിരിക്കുകയും,മറുപടി ആവശ്യപ്പെട്ടപ്പോൾ കേസ് കൊടുക്കാൻ വെല്ലുവിളിക്കുകയും ചെയ്ത തിരുവനന്തപുരം കടകംപള്ളി വില്ലേജ് ഓഫിസർക്കെതിരെ അപേക്ഷക ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കുകയാണ്. കൊല്ലം കാവൻ കൈക്കുളങ്ങര നോർത്ത് ആനന്ദഭവനം തങ്കമ്മയുടെ പേരിലുള്ള സ്ഥലം, കടകംപള്ളി ചാക്ക സുമോദയ കെ.പി സുമത്തിന്റെ പേരിലേയ്ക്കു മാറ്റിയെന്ന പരാതിയിൽ നൽകിയ വിവരാവകാശ അപേക്ഷയിൽ മറുപടി നൽകാതിരുന്നതാണ് പരാതിയ്ക്കിടയായത്. 2023 ജൂലായ് 15 നാണ് ഹർജിക്കാരി കടകംപള്ള വില്ലേജ് ഓഫിസിൽ വിവരാവകാശ അപേക്ഷ നൽകിയത്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും അപേക്ഷയിൽ മറുപടി നൽകാൻ വില്ലേജ് ഓഫിസർ തയ്യാറായില്ലെന്നാണ് പരാതി. തുടർന്ന് അപേക്ഷയിൽ മറുപടി നൽകാതിരുന്നതിനെ തുടർന്ന് അപേക്ഷക നേരിട്ട് വില്ലേജ് ഓഫിസിൽ ഹാജരായി. എന്നാൽ, വില്ലേജ് ഓഫിസർ കേസുകൊടുക്കാനായിരുന്നു മറുപടി നൽകിയത്. മാസങ്ങൾ കഴിഞ്ഞിട്ടും വിവരാവകാശ അപേക്ഷയിൽ മറുപടി ലഭിക്കാതെ വന്നതോടെ അപേക്ഷക നിയമസഭ പെറ്റീഷൻസ് സെക്രട്ടറിയ്ക്കും, അപ്പീൽ അധികാരിയ്ക്കും, ചീഫ് വിവരാവകാശ കമ്മിഷണർക്കും അപേക്ഷ നൽകിയിട്ടുണ്ട്.