തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ല കടന്ന് ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര 10 മണിക്കൂർ സമയം എടുത്താണ് 44 കിലോമീറ്റര്‍ മാത്രം പിന്നിട്ട് കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചത്. പാരിപ്പള്ളിയിലടക്കം കനത്ത മഴയിലും മുദ്രാവാക്യങ്ങളുമായി നിരവധി പേരാണ് വഴിയരികില്‍ പ്രിയ സഖാവിനെ അവസാനമായി കാണാനെത്തിയത്. വിലാപയാത്രയുടെ വേഗം കൂട്ടിയിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും അന്തിമോപചാരമർപ്പിക്കാൻ സൗകര്യമുണ്ടാവില്ല. ഇനിയും നൂറോളം കിലോമീറ്റര്‍ വിലാപയാത്ര സഞ്ചരിക്കേണ്ടതുണ്ട്.
ഉച്ചയ്ക്ക് രണ്ട് മണിക്ക് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളില്‍ നിന്നാണ് വിലാപയാത്ര പുറപ്പെട്ടത്. അതേസമയം, വിഎസിൻ്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിലെത്തി. ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെത്തിയ പിണറായി താമസസ്ഥലത്തേക്ക് തിരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് വലിയ ചുടുകാട്ടിലാണ് സംസ്കാരം നടക്കുക. വിഎസിനെ ഒരു നോക്ക് കാണാൻ അണമുറിയാതെ ജനപ്രവാഹമാണ് സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളില്‍ ഉണ്ടായിരുന്നത്. വിലാപയാത്ര കടന്നുപോകുന്ന ദേശീയപാതയ്ക്ക് ഇരുവശവും ആള്‍ക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. മരണവാർത്ത അറിഞ്ഞത് മുതല്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് തലസ്ഥാനത്തേക്ക് അനേകം മനുഷ്യർ ഒഴുകിയെത്തുകയും ചെയ്തു.
രാവിലെ ഒൻപത് മണിക്ക് തിരുവനന്തപുരത്ത് ദർബാർ ഹാളില്‍ എത്തിച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അർപ്പിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സിപിഎമ്മിന്റെ പിബി അംഗങ്ങള്‍, പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളടക്കം മത സാമുദായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ ഒട്ടേറെ പ്രമുഖർ പ്രിയ നേതാവിന് ആദരം അർപ്പിച്ചു.