ചിങ്ങവനം : പന്നിമറ്റത്ത് ഇനി റെയിൽവേ വക സ്ഥലത്ത് മാലിന്യം വലിച്ചെറിയുവാൻ വരുന്നവർ സ്റ്റേഷൻ മാസ്റ്ററെ കണ്ട് താക്കോൽ വാങ്ങി പൂട്ടുതുറക്കേണ്ടിവരും. ഇരട്ടപാത വികസനത്തിന്റെ ഭാഗമായി റയിൽവേ സ്റ്റേഷനു സമീപത്തെ പന്നിമറ്റം – പരുത്തും പാറ റോഡിലെ റയിൽവേയുടെ അടിപ്പാലത്തിനു വീതി കൂട്ടിയപ്പോൾ ഇത്രയും ദുരിതമാകുമെന്ന് പനച്ചിക്കാട് പഞ്ചായത്ത് കരുതിയതേയില്ല.
പഴയ അടിപ്പാലത്തിനോട് ചേർന്ന് വീതി കൂട്ടിയ ഭാഗത്തു നാട്ടുകാർ വലിച്ചെറിഞ്ഞ ചീഞ്ഞുനാറിയ മാലിന്യക്കൂമ്പാരം മൂലം കാൽനടയാത്രക്കാർക്കു പോലും നടന്നു പോകുവാനാവാതെ വരുന്ന അവസ്ഥ . ദുർഗന്ധം വമിക്കുമ്പോൾ നാട്ടുകാർ പഞ്ചായത്തിനെ പഴിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഴി കേട്ട് 10 തവണയെങ്കിലും പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഇടപെട്ട് മണ്ണു മാന്തി യന്ത്രത്തിന്റെയും ശുചീകരണ തൊഴിലാളികളുടെയും സഹായത്തോടെ ടിപ്പർ ലോറിയിൽ കയറ്റി കൊണ്ടുപോയി മാലിന്യം കുഴിച്ചുമൂടിയിട്ടുണ്ട് . ഒടുവിൽ പഞ്ചായത്ത് കമ്മറ്റി പ്രമേയം പാസാക്കി റയിൽവേ ഡിവിഷണൽ മാനേജർക്കു നൽകി. പരിഹാരമാകാതെ വന്നതോടെയാണ് ഫ്രാൻസിസ് ജോർജ് എം പി ചിങ്ങവനം റയിൽ വേ സ്റ്റേഷനിൽ നടത്തിയ ജനസദസ്സിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു പരാതി സമർപ്പിച്ചത്.
തുടർന്ന് റയിൽവേയുടെ എഞ്ചിനീയർമാർ വന്ന് എസ്റ്റിമേറ്റ് എടുത്തു. മാലിന്യം കുന്നു കൂടിയ റയിൽവേ വക സ്ഥലം ഇപ്പോൾ റയിൽവേ ക്കു തന്നെ സാധനങ്ങൾ സൂക്ഷിക്കാവുന്ന വിധത്തിൽ ഇരുമ്പു വല കൊണ്ട് മറച്ച് ഒരു ഭാഗത്ത് താഴിട്ടു പൂട്ടാവുന്ന രീതിയിൽ ചെറിയ വാതിലും സ്ഥാപിച്ചിട്ടുണ്ട് . ഇനി മാലിന്യം അതേ സ്ഥലത്ത് വലിച്ചെറിയണമെന്ന് നിർബന്ധമുള്ളവർ സ്റ്റേഷൻ മാസ്റ്ററെ കണ്ട് താക്കോൽ വാങ്ങി ഈ പൂട്ട് തുറക്കേണ്ടിവരും.