കോട്ടയം: കോവിഡാനന്തരം രാജ്യത്ത് ഏറ്റവും കൂടുതൽ ഹോട്ടൽ ബുക്കിങ് ഉണ്ടായത് കുമരകത്ത് ആണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ആദ്യത്തെ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി തിരഞ്ഞെടുക്കപ്പെട്ട അയ്മനം ഗ്രാമപഞ്ചായത്തിൽ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പൂർത്തീകരിച്ച വലിയമടവാട്ടർ ഫ്രന്റ് ടൂറിസം പദ്ധതിയുടെയും ചീപ്പുങ്കൽ ഹൗസ് ബോട്ട് ടെർമിനലിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സർവകാല റെക്കോഡ് ആണ് 2023 ൽ ഉണ്ടായത്. കോവിഡാനന്തര കാലത്തെ ട്രൻഡുകൾക്ക് അനുസരിച്ച് പ്രവർത്തിച്ചതാണ് ടൂറിസം മേഖലയെ തുണച്ചതെന്ന് മന്ത്രി പറഞ്ഞു.
വലിയ മട വാട്ടർ ടൂറിസം സൈറ്റിൽ നടന്ന ചടങ്ങിൽ സഹകരണ- തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അയ്മനം – കുമരകം – പാതിരാമണൽ പ്രദേശങ്ങളെ സംയോജിപ്പിച്ച് പത്തു ദിവസം നീണ്ടുനിൽക്കുന്ന ടൂറിസം മേള ജലാശയത്തിനുള്ളിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. അയ്മനത്ത് വാട്ടർ തീം പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് ,വൈസ് പ്രസിഡന്റ് മനോജ് കരിമഠം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ ഷാജിമോൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മിനി ബിജു, ജില്ലാ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ പത്മകുമാർ, ഉത്തരവാദിത്ത ടൂറിസം മിഷൻ സി.ഇ.ഒ ആൻഡ് റൂറൽ ടൂറിസം സ്റ്റേറ്റ് നോഡൽ ഓഫീസർ കെ.രൂപേഷ് കുമാർ എന്നിവർ പങ്കെടുത്തു.
4.85 കോടി രൂപയിൽ അയ്മനം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 5.5 ഏക്കർ വിസ്തൃതിയുള്ള വലിയമട കുളം നവീകരിച്ചാണ് വാട്ടർ ഫ്രന്റ്് ടൂറിസം പദ്ധതി നടപ്പിലാക്കിയത്.
കളർമ്യൂസിക്ക് വാട്ടർ ഫൗണ്ടൻ, ഫ്‌ളോട്ടിങ്ങ് റെസ്റ്റൊറന്റ്, ഫ്ളോട്ടിങ്ങ് വാക്വേ, പെഡൽ ബോട്ടിംഗ്, റയിൻ ഷട്ടർ,ഇരിപ്പിടങ്ങൾ, കുട്ടികൾക്കുള്ള കളിയിടം, സൈക്ലിങ് ഏരിയ, പൂന്തോട്ടം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കെല്ലി( കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് ഇലക്ട്രിക്കൽ കമ്പനി ) നായിരുന്നു നിർമാണച്ചുമതല. കുമരകം ഡെസ്റ്റിനേഷൻ ഡെവലപ്പ്മെന്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 1.44 കോടി രൂപ ചെലവഴിച്ചാണ് ചീപ്പുങ്കൽ ഹൗസ് ബോട്ട് ടെർമിനൽ പൂർത്തികരിച്ചത്.