അയ്മനം : വേനൽ കടുത്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ് അയ്മനം പഞ്ചായത്തിലെ പല കുടുംബങ്ങളും. ജലനിധി പദ്ധതിയുടെ പൈപ്പ് ലൈൻ വീടുകളിൽ എത്തിയെങ്കിലും വെള്ളം മാത്രം ഇപ്പോഴും കിട്ടാക്കനിയാണ്. 2020 ലെ പഞ്ചായത്ത് ഇലക്ഷന് മുമ്പ് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും എന്ന വാഗ്ദാനവും നൽകി പല പ്രദേശങ്ങളിലെയും പൈപ്പുകൾ തുറന്ന് വെള്ളം ഒഴുകി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു.
2014 ൽ തുടങ്ങിയ ജലനിധി പദ്ധതി 2024ൽ എത്തിയിട്ടും ഉദ്ദേശിച്ച ഫലം നാട്ടുകാർക്ക് ലഭിച്ചില്ല. കൃത്യമായി ബില്ല് വരുന്നുണ്ടെങ്കിലും വെള്ളം മാത്രം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. സമീപ പഞ്ചായത്തുകളായ തിരുവാർപ്പ്, കുമരകം, ആർപ്പുക്കര എന്നിവിടങ്ങളിൽ ആവശ്യപ്പെട്ടാൽ ഉടൻ കണക്ഷനും പൈപ്പിൽ ആവശ്യത്തിന് വെള്ളവും, ലഭ്യമാകുമ്പോഴാണ് അയ്മനത്ത് മാത്രം ഈ ഗതികേട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആർപ്പുക്കര പഞ്ചായത്തിലേക്കും മെഡിക്കൽ കോളേജിലേക്കും വെള്ളം പമ്പിങ് നടത്തുന്നത് അയ്മനം പഞ്ചായത്തിലെ കുടമാളൂരിലെ പമ്പ് ഹൗസിൽ നിന്നുമാണ്. എന്നാൽ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന അയ്മനം പഞ്ചായത്തിന് ആവശ്യത്തിനുള്ള വെള്ളവുമില്ല. ഒരുപക്ഷേ ജലനിധി പദ്ധതി നടപ്പിലാക്കിയില്ലായിരുന്നു എങ്കിൽ വാട്ടർ അതോറിറ്റി ആവശ്യത്തിന് കണക്ഷനുകൾ നൽകി വെള്ളം എത്തിച്ചു നൽകിയിരുന്നിരിക്കാം എന്നാണ് സമീപ പഞ്ചായത്തുകളിലെ നിലവിലെ സ്ഥിതിയിൽ നിന്നു മനസ്സിലാക്കേണ്ടത്.
വാട്ടർ അതോറിറ്റി ജലനിധി പദ്ധതി ഏറ്റെടുക്കുന്നതായും ഇതിനുമുമ്പ് വാർത്ത വന്നിരുന്നു. അതും എങ്ങും എത്തിയിട്ടില്ല. വാട്ടർ അതോറിറ്റിയും ജലനിധിയും തമ്മിലുള്ള എഗ്രിമെന്റ് പ്രകാരം ഇരുപത്തി രണ്ട് ലക്ഷം ലിറ്റർ വെള്ളം വീതം ദിവസവും അയ്മനത്തെ ജലനിധിക്ക് വാട്ടർ അതോറിറ്റിയിൽ നിന്നും ലഭിക്കേണ്ടതാണ്. എന്നാൽ പ്രകാരം വെള്ളം ലഭിക്കുന്നില്ല എന്നാണ് ജലനിധി അധികൃതർ പറയുന്നത്. ഈ വിഷയം ചൂണ്ടിക്കാട്ടി മന്ത്രി വി എൻ വാസവന് പരാതി നൽകിയിട്ടുണ്ട് പഞ്ചായത്ത്.
എന്തൊക്കെയായാലും, ഫലത്തിൽ പൊതുജനങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നില്ല. അധികാരികൾക്ക് കുലുക്കവും ഇല്ല. വർഷങ്ങളായുള്ള കുടിവെള്ളക്ഷാമത്തിന് എന്നാണ് ശാശ്വത പരിഹാരം കാണാൻ പറ്റുക എന്നാണ് പൊതുജനങ്ങൾ ചോദിക്കുന്നത്.