കോട്ടയം: കാരാപ്പുഴയിൽ വീടുകളിൽ ഒരു മാസത്തിലേറെയായി ശുദ്ധജലം ലഭിക്കുന്നില്ലെന്ന് പരാതി. കാരാപ്പുഴ നഴ്സറി സ്കൂളിനു സമീപം നാല് വീടുകളിലാണ് ഒരു മാസത്തിലേറെയായി ശുദ്ധജലം ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്നിരിക്കുന്നത്. നേരത്തെ ഈ വീടുകളിൽ കുടിവെള്ള വിതരണത്തിൽ പ്രതിസന്ധി നേരിട്ടിരുന്നു. ഇതേ തുടർന്ന് കുടുംബാംഗങ്ങൾ വാട്ടർ അതോറിറ്റിയിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഈ പ്രശ്നത്തിന് താല്കാലിക പരിഹാരം കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിന് ശേഷം വീണ്ടും ഇപ്പോൾ ഒരു മാസം മുൻപ് കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്. നിരവധി തവണ ഈ വീട്ടുകാർ വാട്ടർ അതോറിറ്റിയിൽ അടക്കം പരാതിപ്പെട്ടെങ്കിലും ഇനിയും നടപടിയുണ്ടായിട്ടില്ല. 400 രൂപ നിരക്കിൽ പ്രതിദിനം ഇവർ ശുദ്ധജലം പണം നൽകി വാങ്ങുകയാണ് ചെയ്യുന്നത്. സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവർ ഈ കുടിവെള്ളത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇവരുടെ ജീവിതം ദുരിതപൂർണമാക്കുകയാണ് ഇപ്പോൾ വെള്ളം മുടങ്ങിയത്. അടിയന്തരമായി വിഷയത്തിൽ വാട്ടർ അതോറിറ്റി ഇടപെട്ട് കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണമെന്നാണ് ആവശ്യം.