കോട്ടയം: പാക്കിൽ മാവിളങ്ങ് റോഡിലെ വെയിറ്റിംങ് ഷെഡ് നിർമ്മാണം തടഞ്ഞതായി ഉയർന്ന ആരോപണത്തിൽ വിശദീകരണവുമായി സിപിഎം. പ്രദേശത്ത് വെയിറ്റിംങ് ഷെഡ് നിർമ്മാണം തടഞ്ഞതായി പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നു സിപിഎം ചിങ്ങവനം ലോക്കൽ കമ്മിറ്റി അറിയിച്ചു. പ്രദേശത്ത് വെയിറ്റിംങ് ഷെഡ് നിർമ്മിക്കാൻ സിപിഎമ്മും ഡിവൈഎഫ്‌ഐയും നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. എന്നാൽ, ഇത് അംഗീകരിക്കാതെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഒരു ചെറിയ വിഭാഗം പ്രവർത്തിക്കുകയായിരുന്നു. ഇവിടെയുണ്ടായ കെട്ടിടം പൊളിച്ചു മാറ്റിയ ശേഷം വെയിറ്റിംങ് ഷെഡ് നിർമ്മിക്കുന്നതിനാണ് സിപിഎം തീരുമാനിച്ചിരുന്നത്. കെട്ടിടം പൊളിച്ചു മാറ്റുന്നതു സംബന്ധിച്ചുള്ള തീരുമാനം വൈകിയതോടെയാണ് നിർമ്മാണവും വൈകിയത്. സിപിഎം ലോക്കൽ കമ്മിറ്റിയുടെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തിൽ വെയിറ്റിംങ് ഷെഡ് നിർമ്മിക്കുന്നതു സംബന്ധിച്ചുള്ള നടപടികൾ തുടരുന്നതിനിടെയാണ് ഇപ്പോൾ അടിസ്ഥാന രഹിതമായ വാർത്ത ചില കേന്ദ്രങ്ങളിൽ നിന്നും പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ വാർത്ത പ്രചരിപ്പിക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യമാണ് ഉള്ളതെന്നും സിപിഎം ലോക്കൽ കമ്മിറ്റി അറിയിച്ചു. ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവിടെ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും വെയിറ്റിംങ് ഷെഡ് ഉയരുമെന്ന് മനസിലാക്കിയ ചിലരാണ് ഇപ്പോൾ ഇത്തരം പ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും ആരോപണമുണ്ട്.