കോട്ടയം: അയ്മനം കല്ലുമട ഷാപ്പിന് സമീപത്ത് നിയന്ത്രണം നഷ്ടമായ കാറും ബൈക്കും കൂട്ടിയിടിച്ച് 8 വയസ്സുള്ള കുട്ടിയടക്കം അഞ്ചു പേർക്ക് പരിക്ക്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയ്മനം കരോട്ട് വീട്ടിൽ രജനി (29), രജനിയുടെ മക്കളായ അളകനന്ദ , ദേവനന്ദൻ, പുളിക്കൽ താഴെവീട്ടിൽ അർജുൻ (23) എന്നിവരെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്ന ഷിബുവിനെ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാത്രി ഒമ്പതര യോടു കൂടി അയ്മനം കല്ലുമട ഷാപ്പിന് സമീപമായിരുന്നു അപകടം. കുടയമ്പടി ഭാഗത്തുനിന്നും എത്തിയ കാർ എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് അയ്മനം പരിപ്പ് റോഡിൽ നേരിയ ഗതാഗത തടസ്സവും ഉണ്ടായി.