ഉറക്കം ആരോഗ്യത്തിൻറെ ഏറ്റവും അടിസ്ഥാനമായിട്ടുള്ളൊരു ഘടകമാണ്. ആഴത്തിലുള്ള ഉറക്കം, ആവശ്യമായ സമയം അത്രയും ഉറക്കം എന്നിവ ലഭിച്ചില്ലെങ്കിൽ അത് ക്രമേണ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാം.
അതുപോലെ തന്നെ ഉറങ്ങിയെഴുന്നേറ്റ ശേഷം വീണ്ടും ഉറങ്ങാനുള്ള പ്രേരണ, ക്ഷീണം എന്നിവ അനുഭവപ്പെടുന്നവരും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഈ പ്രശ്നങ്ങളും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഉറങ്ങിയെഴുന്നേറ്റ ശേഷവും വീണ്ടും കിടക്കാൻ തോന്നുന്നതും ഉറങ്ങാൻ തോന്നുന്നതും എന്നറിയാമോ? അതിനുള്ള കാരണങ്ങൾ ഇവയാണ്…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കിടക്കുന്ന സമയം
എല്ലാവരുടെയും ശീലങ്ങൾ ഒരുപോലെ ആയിരിക്കണമെന്നില്ല. അതായത്, രാത്രി വൈകി ഉറങ്ങി രാവിലെ വൈകി എഴുന്നേൽക്കുന്നവരുണ്ട്. അതുപോലെ രാത്രി നേരത്തെ കിടന്ന് രാവിലെ നേരത്തെ എഴുന്നേൽക്കുന്നവരുണ്ട്. ഏത് ശീലമായാലും അതിൽ നിന്ന് മാറിക്കൊണ്ട് ഉറങ്ങാൻ കിടന്നാൽ അതിന് ശേഷം ക്ഷീണം തോന്നുകയും വീണ്ടും കിടക്കാൻ തോന്നുകയും ചെയ്യാം.
എഴുന്നേൽക്കാതിരിക്കുന്നത്
ഉറക്കമുണർന്ന ശേഷം പിന്നെയും ഏറെനേരം കിടക്കയിൽ തന്നെ കിടക്കുന്നവരുണ്ട്. ഈ ശീലവും അത്ര നല്ലതല്ല. ഇങ്ങനെ ഏറെ നേരം കിടക്കുന്നവരിലും ഉറങ്ങി എഴുന്നേറ്റ ശേഷം ക്ഷീണം അനുഭവപ്പെടാം.
പങ്കാളിയുടെ സ്വാധീനം
കിടന്നുറങ്ങുമ്പോൾ കൂടെ പങ്കാളിയുണ്ടെങ്കിൽ ഇദ്ദേഹം കൂർക്കംവലിക്കുന്ന ശീലമുള്ളവരോ, അല്ലെങ്കിൽ ഉറങ്ങുന്നതിനിടെ ഇടക്കിടെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ശീലമുള്ളവരോ ആണെങ്കിൽ അത് നിങ്ങളുടെ ഉറക്കത്തെയും ബാധിക്കാനിടയുണ്ട്. അങ്ങനെ വരുമ്പോഴും ഉണർന്ന ശേഷം വീണ്ടും കിടക്കാനുള്ള തോന്നലുണ്ടാകാം. ഇത് നാമറിയാതെ തന്നെ ഉറക്കം പ്രശ്നത്തിലാകുന്നത് മൂലമാണ് സംഭവിക്കുന്നത്.
ഡയറ്റ്
ഉറങ്ങുന്നതിന് മുമ്പ് കഫീൻ അടങ്ങിയ പാനീയങ്ങൾ മദ്യം എന്നിവ കഴിക്കുന്നതും ഉറക്കത്തെ അലോസരപ്പെടുത്താം. ഇതുമൂലവും എഴുന്നേൽക്കുമ്പോൾ ക്ഷീണം അനുഭവപ്പെടാം. അതിനാൽ ഇക്കാര്യങ്ങൾ ഡയറ്റിൽ പ്രത്യേകമായി ശ്രദ്ധിക്കുക.
ഉറക്കപ്രശ്നങ്ങൾ
മുകളിൽ പറഞ്ഞ കാരണങ്ങളൊന്നുമല്ലാതെയും ഉറങ്ങിയെഴുന്നേൽക്കുമ്പോൾ ക്ഷീണവും വീണ്ടും കിടക്കാനുള്ള തോന്നലുമുണ്ടാകാം. ഇത് ഉറക്കപ്രശ്നങ്ങൾ കൊണ്ട് തന്നെയാകാം. സ്ലീപ് അപ്നിയ, ഇൻസോമ്നിയ പോലുള്ള അവസ്ഥകളാണ് ഇതിൽ പരിശോധിക്കേണ്ടത്.