പല രോഗങ്ങളും വ്യാപകമാകാൻ കാരണമാകുന്നത് രോഗകാരികളുടെ വാഹകരമായ കൊതുകുകളാണെന്ന് നമുക്കറിയാം. മലേരിയ, ഡെങ്കിപ്പനി എല്ലാം ഇവയില്‍ ചിലതാണ്. എന്നാല്‍ രോഗവ്യാപനം എന്ന നിലയില്‍ മാത്രമല്ല നമുക്ക് കൊതുക് ശല്യക്കാരാകുന്നത്. സ്വസ്ഥമായ നമ്മുടെ സമയത്തെ ഇവര്‍ പ്രശ്നത്തിലാക്കുന്നു എന്നത് തന്നെയാണ് ആദ്യത്തെ പ്രശ്നം.
ഒരു കൂട്ടം ആളുകള്‍ ഒന്നിച്ചിരിക്കുകയാണെങ്കില്‍ ഇവരില്‍ ഒരാളെ മാത്രം കൊതുകുകള്‍ തെരഞ്ഞെടുത്ത് ആക്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലേ? എന്തുകൊണ്ടാണിത് സംഭവിക്കുന്നത് എന്നറിയാമോ? ഇതിനുള്ള ഉത്തരം വളരെ വ്യക്തമായി വിശദീകരിക്കുകയാണ് പ്രമുഖ ന്യൂറോബയോളജിസ്റ്റും കൊതുകുകളെ കുറിച്ച് പഠനങ്ങള്‍ നടത്തുന്ന ഗവേഷകയുമായ ലെസ്ലീ വോസ്ഹെല്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുത്തിടെ ഇതുമായി ബന്ധപ്പെട്ടൊരു പഠനം ഇവരുടെ നേതൃത്വത്തില്‍ നടന്നിരുന്നു. കൊതുകുകള്‍ വെറുതെയല്ല ചിലരെ തെരഞ്ഞെടുത്ത് കടിക്കുന്നതെന്നും അതിന് പിന്നില്‍ ഇവര്‍ക്ക് ഇവരുടേതായ കാരണങ്ങളുണ്ടെന്നുമാണ് വോസ്ഹെല്‍ പഠനത്തിലൂടെ വ്യക്തമാക്കുന്നത്.
ഇതിനായി അറുപതിലധികം പേരെ ഉള്‍ക്കൊള്ളിച്ചാണ് ഇവര്‍ പഠനം നടത്തിയത്. എല്ലാവരുടെ കൈകളിലും നൈലോണ്‍ സ്റ്റോക്കിംഗ്സ് ധരിപ്പിച്ചു. ആറ് മണിക്കൂറിന് ശേഷം ഈ സ്റ്റോക്കിംഗ്സ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് കൊതുകുകളെ നിറച്ചിട്ടുള്ള കണ്ടെയ്നറുകളിലാക്കി. രണ്ട് വ്യത്യസ്തരായ ആളുകളില്‍ നിന്നുള്ള സാമ്പിള്‍ ഒരുമിച്ചൊരു കണ്ടെയ്നറിലാണ് വച്ചത്. ഈ പരീക്ഷണത്തിലൂടെ ‘ബോഡി ഓഡര്‍’ അഥവാ ശരീരത്തിന്‍റെ ഗന്ധം കൊതുകുകളെ എത്രമാത്രം ആകര്‍ഷിക്കുന്നുവെന്ന് ലളിതമായി ഇവര്‍ കണ്ടെത്തി.
അതായത് കൊതുകുകള്‍ ആദ്യം ആകൃഷ്ടരാകുന്നത് ചിലയാളുകളുടെ ശരീരത്തിന്‍റെ ഗന്ധത്തില്‍ തന്നെയാണത്രേ. ഓരോരുത്തരുടെയും ശരീരത്തിലുണ്ടാകുന്ന ബാക്ടീരിയകള്‍ വിഘടിക്കുന്നതിന് അനുസരിച്ചാണ് ഈ ഗന്ധമുണ്ടാകുന്നത്. ഇത് മനുഷ്യര്‍ക്ക് തിരിച്ചറിയാൻ സാധിക്കണമെന്നില്ല. അതേസമയം കൊതുകുകള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാനും സാധിക്കും.
ഓരോരുത്തരുടെയും ഗന്ധം വ്യത്യസ്തവും ആയിരിക്കുത്രേ. തൊലിപ്പുറത്തെ ഏറ്റവും മുകളിലുള്ള പാളിയില്‍ കാണപ്പെടുന്ന കാര്‍ബോക്സിലിക് ആസിഡ് കൂടുതല്‍ കാണപ്പെടുന്നവരിലാണത്രേ കൊതുകുകള്‍ കൂടുതല്‍ എത്തുക.
നമ്മള്‍ ശ്വസിച്ച ശേഷം പുറത്തുവിടുന്ന കാര്‍ബണ്‍ ഡയോക്സൈഡിലൂടെയാണ് കൊതുകുകള്‍ രക്തം ലഭിക്കാൻ സാധ്യതയുള്ള ശരീരങ്ങളെ മനസിലാക്കുന്നത്. ഇതിന് പുറമെ ശരീരത്തിന്‍റെ ഗന്ധം, ചില രക്തഗ്രൂപ്പുകള്‍, കാര്‍ബോക്സിലിക് ആസിഡ് എന്നിവയെല്ലാം ആകര്‍ഷണത്തിന് ആക്കം കൂട്ടുന്നു. ‘ഒ’ രക്തഗ്രൂപ്പുകളാണ് കൂടുതലും ഇവയ്ക്ക് ആകര്‍ഷണമുണ്ടാക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.