പാലക്കാട്: കുഴല്‍മന്ദത്ത് സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചു. ഗുരുതരമായി പരുക്കേറ്റ തത്ത എന്ന സ്ത്രീ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം. വീടിന് പിറകുവശത്ത് കരിയിലകള്‍ അടിച്ചുകൂട്ടുകയായിരുന്നു തത്ത. ഇതിനിടെ കാട്ടുപന്നി ഇവരുടെ മേലേക്ക് ചാടിവീഴുകയായിരുന്നു. കുതറിമാറാൻ ശ്രമിച്ചെങ്കിലും വലതുകാലില്‍ പന്നി കടിച്ചുപിടിച്ചു.
ഏറെ നേരം കടിച്ചുപിടിച്ച ശേഷം മാത്രമാണ് പന്നി തത്തയെ വിട്ടത്. അപ്പോഴേക്ക് കാല്‍മുട്ടിനും കണങ്കാലിനുമിടയിലായി നല്ലതുപോലെ മാംസം നഷ്ടപ്പെട്ടു. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ നില ആശങ്കാജനകമാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൊഴിലുറപ്പ് തൊഴിലാളിയാണ് തത്ത. സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന കുടുംബത്തിന്‍റെ ഏക അത്താണി കൂടിയാണ് ഇവര്‍. ഇങ്ങനെയൊരു ദുരന്തം വന്നെത്തിയതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബവും.
പതിവായി കാട്ടുപന്നി ആക്രമണം നടക്കുന്നൊരു പ്രദേശമാണ് ഇത്. പലതവണ ഈ പ്രശ്നമുന്നയിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല. ഇന്ന് വീട്ടുപരിസരത്ത് വച്ചാണ് തത്തയ്ക്ക് നേരെ ഇത്തരത്തില്‍ ക്രൂരമായൊരു ആക്രമണമുണ്ടായിരിക്കുന്നത് എന്നത് ഇനിയും പ്രദേശത്ത് ആശങ്ക പരത്തുകയാണ്.