ഇന്ന് ലോക വൃക്കദിനം: വൃക്കകളെ സൂക്ഷിക്കാം കരുതലോടെ

വൃക്കയെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും നമ്മൾ ഇന്നലെ ലോക വൃക്ക ദിനത്തിൽ മനസിലാക്കി. ഒരു മനുഷ്യന് സുഖകരമായി ജീവിച്ചിരിക്കാൻ, ആരോഗ്യമുള്ള വൃക്കകൾ കൂടിയേ തീരു. വൃക്കകൾക്ക് കാര്യമായ എന്തെങ്കിലും തകരാറുകൾ ഉണ്ടായാൽ ഉടനെ തന്നെ ഡയാലിസിസോ വൃക്കമാറ്റിവെക്കലോ ചെയ്യേണ്ടത് അനിവാര്യമാണ്.

Advertisements

വൃക്കമാറ്റിവെക്കേണ്ടത് എപ്പോൾ?


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടു വൃക്കകളെയും രോഗം ബാധിച്ചിരിക്കുന്നു എന്ന് പറഞ്ഞാൽ ആ രോഗിയുടെ വൃക്കകളുടെ 85% പ്രവർത്തനവും വീണ്ടെടുക്കാൻ കഴിയാത്ത വിധം നിലച്ചിരിക്കുന്നു എന്നാണ്. ആ രോഗിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ വൃക്കമാറ്റിവെക്കലാണ് ഏറ്റവും നല്ല മാർഗ്ഗം.

വൃക്കരോഗങ്ങൾ ഉണ്ടാകുന്നതിന് പലവിധ കാരണങ്ങൾ ഉണ്ട്. കുട്ടികളിൽ പാരമ്പര്യമായോ ജന്മനാ ഉണ്ടാകുന്ന പ്രശ്നങ്ങളാലോ ആണ് വൃക്കരോഗം കൂടുതലായി കാണപ്പെടുന്നത്. മുതിർന്നവരിൽ പ്രമേഹം, രക്താതിസമ്മർദം, വൃക്കയിലെ കല്ലുകൾ, അണുബാധ, പാടകെട്ടൽ, വൃക്കകൾക്കുള്ളിലെ ചെറിയ അരിപ്പകളെ ബാധിക്കുന്ന ഒരുകൂട്ടം അസുഖങ്ങൾ എന്നിങ്ങനെ നിരവധി കാരണങ്ങളാൽ ഗുരുതരമായ അവസാനഘട്ട വൃക്കരോഗങ്ങൾ ഉണ്ടാകാറുണ്ട്.

ആരുടെ വൃക്കകളാണ് സ്വീകരിക്കാവുന്നത്?

ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്നും മരിച്ചുപോയവരിൽ നിന്നും വൃക്കകൾ സ്വീകരിക്കാം. പക്ഷെ നിർഭാഗ്യവശാൽ, നമ്മുടെ സംസ്ഥാനത്ത് മരണാനന്തരം വൃക്കകൾ ദാനം ചെയ്യുന്നവരുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ വളരെ കുറവാണ്. 18 വയസിനും 65 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് സ്വമേധയാ വൃക്ക ദാനം ചെയ്യാവുന്നതാണ്. ആരോഗ്യമുണ്ടെങ്കിൽ 65 വയസ്സ് പിന്നിട്ടവർക്കും ദാതാവാകാം. മാതാപിതാക്കൾ, മുത്തച്ഛനും മുത്തശ്ശിയും,  സഹോദരങ്ങൾ, മക്കൾ, ജീവിതപങ്കാളി എന്നിവരാണ് നിയമാനുസൃത ദാതാക്കളുടെ പരിധിയിൽ വരുന്ന ബന്ധുക്കൾ.

വൃക്ക ദിനത്തിലെ നടപടിക്രമങ്ങൾ എന്തെല്ലാം?

ഒരു ദാതാവിനെ കണ്ടെത്തിക്കഴിഞ്ഞാൽ അയാളുടെ മെഡിക്കൽ ഫിറ്റ്നസ് പരിശോധിക്കുന്ന ഘട്ടമാണ് ആദ്യത്തേത്. ദാതാവിന്റെയും സ്വീകർത്താവിന്റെയും രക്തഗ്രൂപ്പും കോശഘടനയും യോജിക്കുന്നതാണോയെന്ന് നോക്കും. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് രോഗിയുടെ ശരീരം തയാറാണോ എന്ന് കണ്ടെത്തുന്നതിനുള്ള ടെസ്റ്റുകളും നടത്തും.

ഇന്ന്, ദാതാവിന്റെയും സ്വീകർത്താവിന്റെയും രക്തഗ്രൂപ്പ് ഒന്നല്ലെങ്കിൽ പോലും വൃക്ക മാറ്റിവെക്കാൻ കഴിയും. സർജറിക്ക് മുൻപ് അതിന് പ്രത്യേക ചികിത്സ ആവശ്യമാണ്. റോബോട്ടിക്ക് ശസ്ത്രക്രിയ ഉപയോഗിച്ചുള്ള വൃക്കമാറ്റിവെക്കലാണ് മറ്റൊരു പുതിയ സാങ്കേതികവിദ്യ. ഓപ്പൺ സർജറിയെക്കാൾ പലകാര്യങ്ങളിലും മികച്ചതാണ് റോബോട്ടിക്ക് വൃക്ക മാറ്റിവെക്കൽ.

റോബോട്ടിക് വൃക്ക മാറ്റിവെക്കൽ.

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയാ രംഗത്തെ ഏറ്റവും നൂതനമായ കാല്‍വെപ്പാണു റോബോട്ട് ഉപയോഗിച്ചുള്ള വൃക്ക മാറ്റിവെയ്ക്കല്‍. ശസ്ത്രക്രിയാവിദഗ്ദ്ധന്‍  ഒരു കംപ്യൂട്ടറിന്റെ സഹായത്തോടെ നൂതന റോബോട്ടിക് മെഷിൻ്റെ കൈകളെ നിയന്ത്രിച്ച് ശസ്ത്രക്രിയ ചെയ്യുന്നു. വളരെ ചെറിയ മുറിവിലൂടെയാണിത് ചെയ്യുന്നത്. വയറ്റിനകത്തുള്ള അവയവങ്ങളെല്ലാം ഒരു ക്യാമറയുടെ സഹായത്തോടെ വിപുലീകരിച്ച് ശസ്ത്രക്രിയാ വിദഗ്ദ്ധനു കാണുവാനുള്ള സൗകര്യമുണ്ട്. ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങള്‍ റോബോട്ടിന്റെ കൈകളിലൂടെ പ്രവര്‍ത്തിപ്പിയ്ക്കുന്നു. ചെറിയ രക്തകുഴലുകളെല്ലാം വലുതായി കാണുകയും, അതിനാല്‍ രക്തസ്രാവമുണ്ടാകുന്നതു  ഒഴിവാക്കുവാനും സാധിക്കുന്നു. പ്രവർത്തിപ്പിക്കുന്ന ഡോക്ടറുടെ കൈകളിൽ വിറയല്‍ ഉണ്ടായാലും അത് റോബോട്ടിന്റെ കൈകളെ ബാധിക്കുകയില്ല. മാത്രമല്ല, വളരെ കൃത്യതയോടെയും സുക്ഷ്മതയോടെയും മുറിയ്ക്കുവാനും രക്തകുഴലുകള്‍ തമ്മില്‍ തുന്നി ചേര്‍ക്കുവാനും കഴിയുന്നു. 

റോബോട്ട് ഉപയോഗിച്ചുള്ള ശസ്ത്രക്രിയയുടെ ഗുണമേന്മകള്‍ താഴെ പറയുന്നവയാണ്:

1. ചെറിയ മുറിവിലൂടെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്തുവാന്‍ കഴിയുന്നു.

2. രക്തസ്രാവം വളരെ കുറയുന്നു.

3. രോഗിക്കു വേദനയും അണുബാധയും ആശുപത്രിവാസവും കുറയുന്നു.

4. വയറിനകത്തുള്ള അവയവങ്ങളും രക്ത കുഴലുകളും വലുതായി കാണുവാന്‍ ശസ്ത്രക്രിയാവിദഗ്ദ്ധനു കഴിയുന്നു.  

5. മുറിവും തുന്നലും വളരെ കൃത്യവും സൂക്ഷ്മവുമാകുന്നു.  

6. ശസ്ത്രക്രിയാ വിദഗ്ദ്ധന് ഇരിപ്പടത്തില്‍ ഇരുന്നു കൈ വിറയല്‍ കുടാതെ  ശസ്ത്രക്രിയ നടത്തുവാന്‍ സാധിക്കുന്നു. വളരെ സങ്കീര്‍ണ്ണമായ കുടുതല്‍ സമയമെടുക്കുന്ന ശസ്ത്രക്രിയകള്‍ ചെയ്യുമ്പോള്‍ ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ ക്ഷീണിതനാവാതിരിക്കുവാന്‍ ഇതു ഉപകരിക്കുന്നു.

സ്വീകർത്താവിന്റെ ശരീരത്തിൽ വച്ചുപിടിപ്പിച്ച വൃക്ക മറ്റൊരാളുടേതായതിനാൽ ശരീരം അതിനെതിരെ പ്രവർത്തിച്ചു എന്നുവരാം. ഈ നിരാകരണം തടയാനും സ്വീകരിച്ച വൃക്കയുടെ പ്രവർത്തനം തടസപ്പെടാതെയിരിക്കാനും രോഗി ഡോക്ടർ നൽകുന്ന മരുന്നുകൾ കഴിക്കണം. ആ കിഡ്‌നി പ്രവർത്തിക്കുന്നിടത്തോളം കാലം മരുന്നുകൾ തുടരണം. മരുന്ന് മുടങ്ങിയാൽ ശരീരം മാറ്റിവെച്ച കിഡ്നിയെ ഉപയോഗിക്കാതെ നിരാകരിക്കും.

വൃക്കരോഗങ്ങൾ വരാതെ നോക്കുന്നതാണ് അവ മാറ്റിവെക്കുന്നതിനേക്കാൾ നല്ലത്. വൃക്കകൾ കൂടുതൽ തകരാറിലാകുന്നതിന് മുൻപ് രോഗങ്ങൾ കണ്ടെത്തി കൃത്യസമയത്ത് ചികിത്സ തേടണം. പ്രമേഹം ഉള്ളവരാണെങ്കിൽ രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും നന്നായി നിയന്ത്രിക്കണം. ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരണം. സ്ഥിരമായി വ്യായാമവും നല്ല ഡയറ്റും ശീലമാക്കണം. പുകവലി നിർത്തണം. ശരീരഭാരം നിയന്ത്രിക്കണം. കൃത്യമായ ഇടവേളകളിൽ മെഡിക്കൽ ചെക്കപ്പുകൾ നടത്തുന്നതും വൃക്ക രോഗങ്ങളെ നേരത്തെ കണ്ടെത്തി ചികിൽസിക്കാൻ സഹായിക്കും. സിറം ക്രിയാറ്റിനിൻ, യൂറിൻ റൂട്ടിൻ, രക്തസമ്മർദ്ദം എന്നിവ പരിശോധിക്കുന്നതിലൂടെ വൃക്കരോഗങ്ങൾ നേരത്തെ കണ്ടെത്താൻ കഴിയും. 

തയ്യാറാക്കിയത് : 

തയ്യാറാക്കിയത് : ഡോ. രവികുമാർ കെ, സീനിയർ കൺസൾട്ടന്റ് ആൻഡ് ഹെഡ് – യൂറോളജി, കിഡ്നി ട്രാൻസ്‌പ്ലാന്റ് ആൻഡ് റോബോട്ടിക് സർജൻ, ആസ്റ്റർ മിംസ്, കോഴിക്കോട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.