കുറവിലങ്ങാട് : ഇന്ന് ലോക നേഴ്സ് ദിനം. സ്വന്തം ജീവൻ പോലും നോക്കാതെ സഹജീവിയുടെ ജീവൻ കാക്കാൻ തുനിഞ്ഞിറങ്ങിയ ഒട്ടനവധി മാലാഖമാർ നമുക്ക് ചുറ്റും ഉണ്ട്. സഹനത്തിന്റെയും ത്യാഗത്തിന്റെയും നിരവധി ഉദാഹരണങ്ങൾ. ഇത്തരത്തിൽ ജീവൻ പൊലിഞ്ഞ പി.കെ.വിനീത – രമ്യ രാജൻ എന്ന രണ്ട് മാലാഖമാരെ കേരളം മറന്നു തുടങ്ങി എന്നു പറയാം.
2011 ഡിസംബറിൽ കൊൽക്കത്തയിലെ AMRl ഹോസ്പിറ്റലിൽ ഉണ്ടായ തീപിടുത്തത്തിൽ വാർഡിലുണ്ടായിരുന്ന എട്ട് രോഗികളെ രക്ഷിച്ചതിനു ശേഷം ഒൻപതാമത്തെ രോഗിയെ രക്ഷിക്കുന്നതിനിടയിലാണ് തീ നാമ്പുകളാൽ നമ്മുടെ ഈ സഹോദരിമാരുടെ ജീവൻ പൊലിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയത്തിൻ്റെ അഭിമാനമാണവർ. കോതനല്ലൂർ ആണ് വിനീതയുടെ വീട് . രമ്യയുടെത് ഉഴവൂരും. സഹജീവിയുടെ ജീവന് മറ്റെന്തിനേക്കാളേറെ വിലയുണ്ടെന്ന് മനസ്സിലാക്കിയ തികഞ്ഞ മനുഷ്യ സ്നേഹികൾ. അവർക്കെ സ്വന്തം ജീവനെക്കാൾ ഇങ്ങനെ പ്രവർത്തിക്കാൻ കഴിയൂ. യഥാർത്ഥ മാലാഖമാർ. ഓരോ നഴ്സിംഗ് ദിനങ്ങളിലും ഇവരെ ഓർക്കാതെ എങ്ങനെ കടന്നു പോകാനാകും. നിപ്പ കാലത്ത് ജീവൻ നഷ്ടമായ സിസ്റ്റർ ലിനിയെയും ഓർമ്മയിൽ ചേർത്ത് വയ്ക്കുന്നു.
സ്വർഗ്ഗത്തിലെ മാലാഖമാരെ നമ്മളാരും ഇതുവരെ കണ്ടിട്ടില്ല. എന്നാൽ ഭൂമിയിൽ ചില മാലാഖമാരുണ്ട്. അവരെപറ്റി ചോദിച്ചാൽ നമ്മൾ നഴ്സുമാരെ കാട്ടിക്കൊടുക്കും. തൂവെള്ള വസ്ത്രമണിഞ്ഞ നമ്മുടെ മാലാഖമാരാണവർ. ആ മാലാഖമാരെ ആദരിക്കാൻ വേണ്ടിയുള്ള ദിനമാണ് ഇന്ന്.
മേയ് 12 – ലോക നേഴ്സ് ദിനം ആത്മാവിനെയും ശരീരത്തെയും സേവനത്തോട് ചേർത്തുകെട്ടി ഈ ലോകത്തെ ഇത്രയധികം മനോഹരമാക്കി മാറ്റുന്നവർ വേറെയാരുണ്ട്? ഈ ലോകത്ത് തന്നെ ഏറ്റവും വിശ്വാസവും പരിചരണവും നൽകുന്ന ഒരു സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ് നഴ്‌സുമാർ. ഒരിക്കലെങ്കിലും ആശുപത്രിയിൽ കിടന്നിട്ടുള്ളവർക്ക് അതറിയാനാകും.
ചിലപ്പോഴെങ്കിലും ജീവിതത്തിൽ നമ്മുടെ കൂടെയുള്ളവരുടെ സാമീപ്യമില്ലാതെ ഒറ്റയ്ക്കാവുമ്പോൾ നമുക്ക് തുണയായി എത്തുന്നത് അവർ മാത്രമാണ്. കോവിഡ് 19 നു എതിരെയുള്ള പോരാട്ടത്തിലും ജീവൻ പോലും പണയം വച്ച് ഈ മാലാഖമാർ മുൻപന്തിയിൽ തന്നെയുണ്ട്. ഭൂമിയിലെ എല്ലാ മാലാഖമാർക്കും ഹൃദയം നിറഞ്ഞ ഒരായിരം ആശംസകൾ.