കോട്ടയം : കോൺഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിന് പിന്നാലെ ജില്ലയിൽ ഗ്രൂപ്പ് യുദ്ധം കൂടുതൽ രൂക്ഷമാകുന്നു. പ്രസ്താവന യുദ്ധത്തിലൂടെ ഏറ്റുമുട്ടിയ കെ സി ജോസഫ് നേതൃത്വം നൽകുന്ന എ ഗ്രൂപ്പും, തിരുവഞ്ചൂർ രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന വിശാല എ ഗ്രൂപ്പും ഇപ്പോൾ ഗ്രൗണ്ടിലിറങ്ങി കളി തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. രണ്ട് ഗ്രൂപ്പുകളും രഹസ്യമായും പരസ്യമായും യോഗങ്ങൾ വിളിച്ച് ചേർക്കുക കൂടി ചെയ്തതോടെ പോരാട്ടം മറ്റൊരു തലത്തിലേയ്ക്ക് കൂടി എത്തി.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഭിന്നിപ്പ് രൂക്ഷമാകുന്നതിനിടെ പാലായിൽ കരുത്ത് വിളിച്ചോതി തിരുവഞ്ചൂർ രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന വിശാല എ ഗ്രൂപ്പ് യോഗം വിളിച്ച് ചേർത്തിരുന്നു. കോട്ടയം ജില്ലയിൽ പുതുതായി നിയമതരായ ബ്ലോക്ക് പ്രസിഡന്റുമാരിൽ പകുതിയിലധികം പേർ യോഗത്തിൽ പങ്കെടുത്തതായി വിശാല എ ഗ്രൂപ്പ് വ്യക്താക്കൾ അവകാശപ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെപിസിസി ജനറൽ സെക്രട്ടറി പി എ സലിം, യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ ഫിൽസൺ മാത്യു, മുതിർന്ന നേതാവ് തോമസ് കല്ലാടൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ചിന്റു കുര്യൻ ജോയി, സംസ്ഥാന സെക്രട്ടറി സിജോ ജോസഫ് എന്നിവരാണ് യോഗത്തിന് നേതൃത്വം നൽകിയത്. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനും അമേരിക്കൻ പ്രവാസിയുമായ പാലാ സ്വദേശിയുടെ ഭവനത്തിലാണ് യോഗം ചേർന്നത്.
കഴിഞ്ഞദിവസം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്, മുൻ ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പ് എന്നിവർ ചേർന്ന് പാലായിൽ ഗ്രൂപ്പ് യോഗം വിളിച്ചു ചേർക്കാൻ ശ്രമിച്ചിരുന്നതായി വിശാല എ ഗ്രൂപ്പ് പറയുന്നു. യോഗത്തിൽ നിരവധി ആളുകളെ പങ്കെടുപ്പിക്കാൻ ശ്രമിച്ചു എങ്കിലും പാലായിൽ കെസി ജോസഫിന്റെ നേതൃത്വത്തോടുള്ള എതിർപ്പ് മൂലം ശുഷ്കമായിരുന്നു പങ്കാളിത്തം. ഇതിന് പ്രതികാരം എന്ന നിലയിലാണ് നൂറിലധികം പ്രധാന നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പാലായിൽ തന്നെ യോഗം തിരുവഞ്ചൂർ വിഭാഗം വിളിച്ചുചേർത്തത്.
ആസന്നമായ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജില്ലയിൽ സമ്പൂർണ്ണ ആധിപത്യം ഉറപ്പിക്കുക എന്നതാണ് യോഗത്തിൽ നേതാക്കൾ കൈക്കൊണ്ട തീരുമാനം. മണ്ഡലം, നിയോജക മണ്ഡലം, ജില്ലാ സംസ്ഥാന തലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കാനും നോമിനേഷൻ നടപടികൾ പന്ത്രണ്ടാം തീയതിക്ക് മുമ്പായി പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമെടുത്തു.