കോട്ടയം : യുവതിയേയും സുഹൃത്തുക്കളെയും ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം വേങ്ങപ്പള്ളിൽ വീട്ടിൽ ജോസഫ് മകൻ സജി ജോസഫ് (51), പനമറ്റം കരടിയിൽ വീട്ടിൽ ജോസഫ് മകൻ ജോഷി ജോസഫ് (41) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം ഇളങ്കുളം പള്ളിക്ക് സമീപത്തുവച്ച് യുവതിയെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. യുവതിയും,അനിയത്തിയും സുഹൃത്തുക്കളും കാറിൽ യാത്ര ചെയ്തു വരവേ ഇവർ സഞ്ചരിച്ചിരുന്ന കാർ പൊൻകുന്നം പാലാ റോഡിൽ ഇളങ്കുളം പള്ളിക്ക് സമീപം വച്ച് ഒരു സ്കൂട്ടറിൽ ചെന്ന് ഇടിക്കുകയുമായിരുന്നു.
ഇത് കണ്ടുനിന്ന സജി ജോസഫും, ജോഷി ജോസഫും കാറിന്റെ ഡ്രൈവറെ വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് തടസ്സം പിടിക്കാൻ ചെന്ന യുവതിയെ ആക്രമിക്കുകയും,ചീത്ത വിളിക്കുകയും,കടന്നുപിടിക്കുകയുമായിരുന്നു. ഇത് തടയാന്‍ ചെന്ന കാറില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു പേരെയും ഇവർ ആക്രമിച്ചു. തുടർന്ന് പൊൻകുന്നം പോലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ എൻ. രാജേഷ്, എ.എസ്.ഐ മാരായ വിക്രമൻ നായർ, അജിത്ത്, സി.പി.ഓ മാരായ ഗോപകുമാർ, കിരൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഇവരെ കോടതിയിൽ ഹാജരാക്കി.